ചേർത്തല: ചേർത്തല ലയൺസ് ക്ലബ് ഒഫ് കയർലാൻഡും ചേർത്തല ടൗൺ എൻ.എസ്.എസ് കരയോഗവും ചേർന്ന് നാളെ കരിയർ ഗൈഡൻസ് സെമിനാറും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടത്തുമെന്ന് ക്ലബ്ബ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9.30ന് ടൗൺ​ എൻ.എസ്.എസ് കരയോഗം ഹാളി​ൽ മുൻ ഡി.ജി.പി. അലക്‌സാണ്ടർ ജേക്കബ് ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തും. മന്ത്രി​ പി. പ്രസാദ് പ്രിൻസിപ്പൽമാരെ ആദരിക്കും. ലയൺസ് ക്ലബ്ബ് പ്രസിഡന്റ് സി.ശിവദാസൻ അദ്ധ്യക്ഷനാകും. ശ്രീ ശങ്കര ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രിൻസിപ്പൽ ഡോ.യു.സുരേഷ്‌കുമാർ ക്ലാസുകൾക്ക് നേതൃത്വം നൽകും. ചേർത്തല മേഖലയിലെ 20 ഹയർസെക്കൻഡറി സ്‌കൂളുകളിൽ നിന്ന് പ്ലസ്ടുവിന് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 300 വിദ്യാർത്ഥികളെയും സ്‌കൂൾ പ്രിൻസിപ്പൽമാരെയുമാണ് ആദരിക്കുന്നത്. എല്ലാ മാസവും കരിയർ ഗൈഡൻസ് ക്ലാസ് നടത്തുമെന്ന് ലയൺസ് ക്ലബ് പ്രസിഡന്റ് സി.ശിവദാസൻ, കൺവീനർ ടി.പി.ഹരിദാസ്, ജോജി ജോസഫ്, ബൈജു വിജയൻ, ജോഫി കാളാരൻ എന്നിവർ പറഞ്ഞു.