
വിദ്യാർത്ഥികൾക്കുൾപ്പെടെ ഭീഷണിയായി റോഡരികിലെ ചാഞ്ഞമരം
ആലപ്പുഴ: യാത്രക്കാരുടെ ജീവനു ഭീഷണിയായി, ദേശീയപാതയിലെ തുമ്പോളി ജംഗ്ഷനിൽ ചുവട് ദ്രവിച്ച് ചാഞ്ഞുനിൽക്കുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള മരം റോഡ് വികസനത്തിന്റെ ഭാഗമായെങ്കിലും പൊളിച്ചുനീക്കുമെന്ന് പ്രതീക്ഷ. മൂന്നു വർഷമായി ഈ മരം ഇതേ അവസ്ഥയിലാണെങ്കിലും പരാതി സ്വീകരിക്കാതെ വനംവകുപ്പ് ഒഴിഞ്ഞു മാറുകയായിരുന്നു.
തുമ്പോളി മാതാ സ്കൂളിന് സമീപമാണ് വർഷങ്ങൾ പഴക്കമുള്ള തല്ലി മരം. സ്കൂൾ വിദ്യാർത്ഥികൾ ഈ മരത്തിനരികിലാണ് ബസ് കാത്തുനിൽക്കാറുള്ളത്. ഓരോ മഴക്കാലവും ഏറെ ആശങ്കകളോടെയാണ് കടന്നുപോകുന്നതെന്ന് പ്രദേശത്തെ ഓട്ടോറിക്ഷാ തൊഴിലാളികൾ പറയുന്നു. പല തവണ വനം വകുപ്പിന് പരാതി സമർപ്പിച്ചിരുന്നു. എന്നാൽ യാതൊരു അനുകൂല മറുപടിയും ലഭിച്ചില്ല. നിലവിൽ ചുവട് ദ്രവിച്ച് ഇളകിയ നിലയിലാണ്. കഴിഞ്ഞ രണ്ട് വർഷം സ്കൂളുകൾ പ്രവർത്തിക്കാതിരുന്നത് മൂലം ആശങ്ക കുറഞ്ഞിരുന്നു. പക്ഷേ നിലവിൽ സ്ഥിതി വ്യത്യസ്തമാണ്. രാവിലെയും വൈകിട്ടും ധാരാളം കുട്ടികളാണ് ഇവിടെയെത്തുന്നത്. ഓട്ടോയിൽ കയറണമെങ്കിലും ഇതേ മരത്തിന് സമീപമെത്തണം. ദേശീയപാത വികസനത്തിന്റെ ഭാഗമായി മരം മുറിച്ച് മാറ്റാൻ നമ്പർ പതിച്ചിട്ടുണ്ട്. സ്കൂൾ അദ്ധ്യയനം പുനരാരംഭിക്കുകയും മഴ പതിവാകുകയും ചെയ്ത പശ്ചാത്തലത്തിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾക്ക് മുൻഗണന നൽകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
സ്കൂളിന് കേവലം 50 മീറ്റർ അകലത്തിലാണ് മരം നിൽക്കുന്നത്. വനം വകുപ്പിന് പരാതി നൽകിയിരുന്നെങ്കിലും തിരിഞ്ഞ് നോക്കിയില്ല. ചുവട് ഇളകിയ നിലയിലാണ്. എത്രയും വേഗം മരം മുറിച്ച് മാറ്റി ജനങ്ങളുടെ ജീവന് സുരക്ഷയൊരുക്കാൻ അധികൃതർ തയ്യാറാവണം
ജയകുമാർ, ഓട്ടോറിക്ഷാ ഡ്രൈവർ