മാവേലിക്കര: തെരുവ് നായ്ക്കളെ ഭയന്ന് ജീവിതം മുന്നോട്ട് കൊണ്ടു പോകേണ്ട ഗതികേടിലാണ് മാവേിക്കരയിലും പരിസരപ്രദേശങ്ങളിലുമുള്ളവർ. കാൽനട യാത്രക്കാർ, സൈക്കിളിൽ പോകുന്ന വിദ്യാർത്ഥികൾ എന്നിങ്ങനെ അടുത്തിടെ തെരുവ് നായകളുടെ ആക്രമണത്തിനിരയായവർ നിരവധിയാണ്. രാത്രികളിൽ ബൈക്കിൽ സഞ്ചരിക്കുന്നവർക്ക് പിന്നാലെ നായകൾ ഓടി വരുന്നത് യാത്രക്കാരെ ഭയപ്പെടുത്തുകയും അപകടത്തിലേക്ക് നയിക്കുകയും ചെയ്യും. നിരവധി വളർത്തു മൃഗങ്ങളും നായകളുടെ ആക്രമണത്തിനിരയായി.
മാവേലിക്കര നഗരം, സമീപ പഞ്ചായത്തുകളായ ചെട്ടികുളങ്ങര, തെക്കേക്കര എന്നിവിടങ്ങളിലാണ് തെരുവ് നായ ശല്യം വർദ്ധിച്ചിട്ടുള്ളത്. നഗരത്തിൽ ഗവ.ഗേൾസ് സ്കൂൾ പ്രദേശത്തും ബി.എച്ച് സ്കൂളിന് സമീപവും പത്തിച്ചിറ ഭാഗത്തും നായകളുടെ ശല്യം രൂക്ഷമാണ്. കോടതി പ്രദേശവും മിനി സിവിൽ സ്റ്റേഷനും കാളച്ചന്തയും പുതിയകാവ് മാർക്കറ്റും സ്വകാര്യ ബസ് സ്റ്റാൻഡും പുന്നംമൂട് മാർക്കറ്റും തട്ടാരമ്പലവും കാലങ്ങളായി തെരുവ് നായ്ക്കളുടെ വിഹാര കേന്ദ്രമാണ്. കുറത്തികാട്, പല്ലാരിംമംഗലം, മുള്ളിക്കുളങ്ങര, ചെറുകുന്നം, ഓലകെട്ടിയമ്പലം തുടങ്ങിയ പ്രദേശങ്ങളിൽ നിരവധി വീടുകളിലെ കോഴി, ആട് എന്നിവയെ നായകൾ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിൽ ഈരേഴ തെക്ക്, കണ്ണമംഗലം, ചെട്ടികുളങ്ങര ചന്ത ജംഗ്ഷൻ, കമുകുവിള, മറ്റം പ്രദേശങ്ങളിലാണ് തെരുവ് നായ ശല്യം കൂടുതൽ.
'' തെരുവ് നായ്ക്കളുടെ ശല്യം കാരണം കാലികളെയും കോഴികളെയും വളർത്താൻ കഴിയാത്ത അവസ്ഥയാണ്. കഴിഞ്ഞ ദിവസം നായക്കൾ കൂട്ടത്തോടെ വന്ന് കോഴികളെ മൂഴുവൻ കൊന്ന് തിന്നു. പട്ടാപ്പകൽ വരെ ഇവയുടെ ആക്രമണം ഉണ്ടാകുന്നതാണ് പേടിപ്പിക്കുന്നത്. പോത്തിനെ പതിവായി കടിക്കുന്നത് കാരണം കുത്തിവെയ്പ്പ് എടുക്കേണ്ടി വരുന്നത് വലിയ ചെലവുണ്ടാക്കുന്നു.
ഉഷ, പടനിലത്ത്, പല്ലാരിമംഗലം
'' തെരുവിൽ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന നായ്ക്കളെ പിടികൂടാൻ അധികൃതർ തയ്യാറാകണം. യാത്രക്കാരുടെ സംരക്ഷണം ഉറപ്പാക്കണം
രാജേന്ദ്രൻ, മറ്റം ക്ഷേത്ര സമിതി, തട്ടാരമ്പലം.