ആലപ്പുഴ: സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ ആലപ്പുഴ നഗരത്തിൽ സാംസ്‌കാരിക സമുച്ചയം ആരംഭിക്കാനും ചലച്ചിത്ര വികസന കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്ന കൈരളി, ശ്രീ തിയേറ്ററുകൾ ആധുനികവത്കരിക്കാനും കെ.എഫ്.ഡി.സി ചെയർമാൻ, എം.ഡി, ടൗൺ പ്ലാനർ, ഭാരവാഹികൾ എന്നിവർ നഗരസഭയുമായി ചർച്ച നടത്തി.
സാസ്‌കാരിക സമുച്ചയം ആരംഭിക്കാൻ കിഫ്ബിയിൽ ഉൾപ്പെടുത്തി 50 കോടി അനുവദിച്ചിട്ടുണ്ട്. ഇതിനായി നഗരസഭ വക സ്ഥലമോ മറ്റു സ്ഥലങ്ങളോ കണ്ടെത്തി പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച. കൈരളി, ശ്രീ തിയേറ്ററുകളുടെ ആധുനികവത്കരണം സംബന്ധിച്ച് ബൃഹത്തായ പദ്ധതി ചലച്ചിത്ര വികസന കോർപ്പറേഷൻ നഗരസഭയുമായി ചേർന്ന് നടപ്പാക്കും. തിയേറ്ററുകളുടെ പ്രവർത്തനത്തിന് ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗം, പ്രേക്ഷകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കൽ, തിയേറ്റർ കോമ്പൗണ്ടും തിയേറ്റർ നിൽക്കുന്ന പ്രദേശത്തെ കനാൽക്കരകളുടെ സൗന്ദര്യവത്കരണവും ചർച്ച ചെയ്തു. ഇതിനായി ലളിതകലാ അക്കാഡമിയുടെ സഹായം തേടും. പ്രാഥമിക രൂപരേഖ ചലച്ചിത്ര വികസന കോർപ്പറേഷൻ തയ്യാറാക്കും. നഗരസഭ അദ്ധ്യക്ഷയുടെ ചേംബറിൽ നടന്ന ചർച്ചയിൽ ചെയർപേഴ്‌സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.ബാബു, എ.ഷാനവാസ്, ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ.കരുൺ, കൗൺസിലർ എം.ആർ. പ്രേം, മാനേജിംഗ് ഡയറക്ടർ എൻ.മായ, ടൗൺ പ്ലാനർ കെ.എഫ്.ജോസഫ്, അസിസ്റ്റന്റ് ടൗൺ പ്ലാനർമാരായ വി.രമ്യ, ഹിന്ദുജ, കെ.എസ്.എഫ്.ഡി.സി ഫിലിം ഓഫീസർ ഷംബു, ഫിനാൻസ് മാനേജർ ജി.വിദ്യ, സൈറ്റ് എൻജിനീയർ പി.എസ്.സുബിൻ, ജതിൻ, ഡെപ്യൂട്ടി ടൗൺ പ്ലാനർ ഗ്ലാഡിസ് വില്ല്യം, ആർട്ടിസ്റ്റ് ടി.ബി.ഉദയൻ, മുനിസിപ്പൽ സെക്രട്ടറി ബി.നീതുലാൽ, എൻജിനീയർ ഷിബു നാലപ്പാട് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.