
കായംകുളം : കൈയേറ്റക്കാർക്കും അനധികൃത കെട്ടിടങ്ങൾക്കും നമ്പർ നൽകി ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്ന പരാതികളുടെ അടിസ്ഥാനത്തിൽ കായംകുളം നഗരസഭയിൽ വിജിലൻസ് സംഘം ഇന്നലെ റെയ്ഡ് നടത്തി. നിരവധി ഫയലുകൾ പരിശോധനക്കായി പിടിച്ചെടുത്തു.
നഗരസഭ ഓഫീസിലെ റവന്യൂ വിഭാഗം കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടത്തിയതായി പരാതി ഉയർന്നിരുന്നു. ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് രാത്രിയോടെയാണ് അവസാനിച്ചത്.
കായംകുളത്തെ റോഡ് കൈയ്യേറ്റത്തെയും അനധികൃത നിർമ്മാണത്തെയും അനധികൃതമായി കെട്ടിട നമ്പർ നൽകിയതിനെയും പറ്റി കേരളകൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. എൽ.ഡി.എഫാണ് കായംകുളം നഗരസഭ ഭരിക്കുന്നതെങ്കിലും ഒരു കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിലാണ് അനധികൃത ഇടപാടുകൾ നടക്കുന്നതെന്നും നഗര ഭരണ നേതൃത്വം ഇതിന് ഒത്താശ നൽകുന്നതായും ആരോപണമുണ്ട്.