പണം ലഭി​ച്ചി​ട്ടും വീട് പൂർത്തി​യാക്കാത്തവർക്ക് നഗരസഭയുടെ വാഗ്ദാനം

ആലപ്പുഴ: പി.എം.എ.വൈ ഭവന പദ്ധതി പ്രകാരം പണം ലഭി​ച്ചി​ട്ടും വിവിധ കാരണങ്ങളാൽ വീട് പണി പൂർത്തീകരിക്കാത്തവരി​ൽ നി​ന്ന് പലിശ ഉൾപ്പടെ വാങ്ങി​ ആധാരങ്ങൾ തിരികെ നൽകണമെന്ന അപേക്ഷ പരിഗണിച്ച് നടപടി കൈക്കൊള്ളാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. ആധാരം തിരികെ നൽകുന്ന ബാങ്ക് നടപടികൾക്കു സമാനമായ സഹായമാണ് നഗരസഭ ഗുണഭോക്താക്കൾക്ക് നൽകുക.

നഗരസഭയുടെ റോഡുകളിൽ നടക്കുന്ന റിലയൻസിന്റെ കേബിൾ സ്ഥാപിക്കൽ നിറുത്തിവയ്ക്കാൻ നോട്ടീസ് നൽകാനും റിലയൻസുമായി തുടർ ചർച്ചകൾ നടത്താനും തീരുമാനമായി. സിനിമാ തിയേറ്ററുകൾ ടിക്കറ്റിന്മേൽ ഈടാക്കുന്ന വിനോദ നികുതി തൊട്ടടുത്ത മാസം മൂന്നാം തീയതിക്കകം അടച്ചില്ലെങ്കിൽ ഒരു ശതമാനം പിഴ ഈടാക്കും.

വിവിധ സെക്ടറുകളിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി കാമറകൾ, അനുബന്ധ ഉപകരണങ്ങൾ, നെറ്റ് വർക്ക് വീഡിയോ റെക്കാർഡർ എന്നിവയുടെ തകരാർ അടിയന്തിരമായി പരിഹരിക്കാൻ എസ്റ്റിമേറ്റ് അംഗീകരിച്ച് കെൽട്രോണിനെ സമീപിക്കും.

നഗരസഭാ ചെയർപേഴ്‌സൺ സൗമ്യരാജ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, സ്ഥിരംസമിതി അദ്ധ്യക്ഷരായ ബീന രമേശ്, കെ.ബാബു, ബിന്ദുതോമസ്, ആർ.വിനിത, കക്ഷിനേതാക്കളായ അഡ്വ. റീഗോരാജു, എം.ആർ. പ്രേം, ഡി.പി. മധു, നസീർ പുന്നയ്ക്കൽ, ഹരികൃഷ്ണൻ, കൗൺസിലർമാരായ അരവിന്ദാക്ഷൻ, ബി.അജേഷ്, എൽജിൻ റിച്ചാർഡ്, ഹെലൻ ഫെർണാണ്ടസ്, കെ.എസ്. ജയൻ, എ.എസ്. കവിത, എ.മെഹബൂബ്, സെക്രട്ടറി ബി.നീതുലാൽ, എം.ഇ ഷിബു നാലപ്പാട്, റവന്യൂ ഓഫീസർ പ്രദീപ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

മറ്റ് തീരുമാനങ്ങൾ

# നഗരസഭ ടൗൺ ഹാളിന്റെ വാടക15 ശതമാനം വർദ്ധിപ്പിക്കും (ബുക്ക് ചെയ്തവർക്ക് ബാധകമല്ല)

# അമൃത് പദ്ധതിയുടെ സിറ്റി വാട്ടർ ആക്ഷൻ പ്ലാനിൽ എൽ.പി സ്‌കൂളുകളെ ഉൾപ്പെടുത്തും

# റദ്ദായ വാടയ്ക്കൽ ബീച്ച് പാർക്ക് പദ്ധതിയുടെ 21.7 ലക്ഷം രൂപ ഉൾപ്പെടുത്തി ആലപ്പുഴ ബീച്ച് പാർക്ക് നവീകരണത്തുക 69.7 ലക്ഷമാക്കും

#ചാത്തനാട്, വലിയചുടുകാട് ഗ്യാസ് ക്രിമറ്റോറിയങ്ങളുടെ പരിപാലനം അടിയന്തിരമായി പൂർത്തി​യാക്കും