തുറവൂർ: ജില്ലയിലെ മികച്ച പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്കുള്ള കേരള ബാങ്കിന്റെ എക്സലൻസ് പുരസ്കാരം പറയകാട് സഹകരണ ബാങ്കിന് ലഭിച്ചു. പതിറ്റാണ്ടുകളായി കുത്തിയ തോട് പഞ്ചായത്ത് കേന്ദ്രീകരിച്ചു മികവാർന്ന പ്രവർത്തനം നടത്തുന്ന ബാങ്കിന് അർഹതയ്ക്കുള്ള അംഗീകാരമാണ് ഇത്.

7382 അംഗങ്ങളും 1.69 കോടി ഓഹരി മൂലധനവും 84. 36 കോടി രൂപ നിക്ഷേപവുമുള്ള ക്ലാസ് വൺ സ്പെഷ്യൽ ഗ്രേഡ് ബാങ്കാണിത്. കർഷകർക്കും കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്കും കുറഞ്ഞ പലിശനിരക്കിൽ കാർഷിക വായ്പ സ്വന്തം ഫണ്ടിൽ നിന്നാണ് ബാങ്ക് നൽകുന്നത്.

അംഗങ്ങൾക്ക് മറ്റ് വിവിധയിനം വായ്പകളും നൽകുന്നുണ്ട്. ലാഭ വിഹിതം കൃത്യമായി ഓരോ വർഷവും അംഗങ്ങൾക്ക് നൽകുന്നു. കൊവിഡ് കാലത്തെ പ്രതിസന്ധികൾക്കിടെ നിരവധി ആശ്വാസ പദ്ധതികൾ നടപ്പാക്കിയ ബാങ്ക് ഓൺ ലൈൻ പഠനത്തിനായി നിർദ്ധന കുട്ടികൾക്ക് സ്മാർട് ഫോണുകളും ടെലിവിഷനും നൽകി. കൂടാതെ സ്മാർട് ഫോൺ ,ലാപ്ടോപ്പ് എന്നിവ വാങ്ങാൻ പലിശ രഹിത വായ്പകൾ വിതരണം ചെയ്തു. പലിശ രഹിത സ്വർണപ്പണയ വായ്പ, കാർഷിക സ്വർണപ്പണയ വായ്പ എന്നിവയും ലഭ്യമാക്കി. പ്രളയകാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഉൾപ്പടെ നിരവധി പുനർനിർമ്മാണ പ്രവർത്തനങ്ങളിലും ബാങ്ക് പങ്ക് ചേർന്നു. കോർ ബാങ്കിംഗ് സംവിധാനത്തോടെ പ്രവർത്തിക്കുന്ന ബാങ്കിൽ ഇടപാടുകാർക്ക് എല്ലാവിധ ആധുനിക സേവനങ്ങളും നൽകുന്നുണ്ട് . തിരുമല വാസുദേവൻ പ്രസിഡന്റും എം.കെ. ഉഷാകുമാരി സെക്രട്ടറിയുമായ ഭരണ സമിതിയാണ് ബാങ്കിന്റെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.