s

# തീരത്ത് എത്തിക്കാതെ കെ.എം.എം.എൽ കടന്നു

# റോഡരികിൽ ഉപേക്ഷിച്ച മണൽ അപകടഭീഷണി

ആലപ്പുഴ : തോട്ടപ്പള്ളി​ പൊഴി​മുഖത്ത് നി​ന്ന് ഖനനം ചെയ്ത മണൽ, ധാതുക്കൾ വേർതി​രി​ച്ചശേഷം ദേശീയ പാതയോരത്ത് നി​ക്ഷേപി​ക്കുന്നത് ഇരുചക്ര വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും അപകടക്കെണി​യൊരുക്കുന്നു. കടലാക്രമണം രൂക്ഷമായ തോട്ടപ്പള്ളി മുതൽ പുറക്കാട് വരെയുള്ള തീരത്തി​ന്റെ സംരക്ഷണത്തിന് ഉപയോഗിക്കാനാണ് കെ.എം.എം.എൽ അധി​കൃതർ ലോറി​കളി​ൽ മണലിറക്കിയത്. എന്നാൽ, തീരത്തേക്ക് ആരെത്തിക്കുമെന്ന തർക്കമാണ് റോഡരി​കി​ലി​റക്കി​യ മണൽ ഇവിടെത്തന്നെ കിടക്കാൻ കാരണം.

തീരദേശ വാസി​കൾ സ്വന്തം ചി​ലവി​ൽ മണൽ തീരത്തേക്ക് കൊണ്ടുപോകണമെന്നാണ് കെ.എം.എം.എൽ അധി​കൃതർ പറയുന്നതെങ്കിലും നാട്ടുകാർ ഇത് അംഗീകരി​ച്ചി​ട്ടി​ല്ല. തീരത്തു നിന്ന് ശേഖരിക്കുന്ന മണൽ ധാതുക്കൾ വേർതിരിച്ച ശേഷം അവിടെത്തന്നെ നിക്ഷേപിക്കണമെന്നാണ് കെ.എം.എം.എല്ലിന്റെ കരാറിലുള്ളതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഖനനം ചെയ്തെടുക്കുന്ന മണൽ തീരത്ത് തിരികെ ഇടുന്നതിൽ കെ.എം.എം.എൽ വീഴ്ച വരുത്തിയപ്പോൾ എച്ച്.സലാം എം.എൽ.എ ഉൾപ്പെടെ പ്രതിഷേധവുമായെത്തിയതോടെയാണ് ദേശീയപാതയ്ക്കരികിൽ മണൽ കൊണ്ടിട്ടത്. ധാതുക്കൾ വേർതി​രി​ച്ചശേഷമുള്ള മണൽത്തരികൾക്ക് ഭാരം കുറവായതിനാൽ വലിയവാഹനങ്ങൾ സഞ്ചരിക്കുമ്പോൾ ഇത് കാറ്റിൽ പറന്ന് ഇരുചക്ര, കാൽനട യാത്രക്കാരുടെ കണ്ണുകളിൽ വീഴുന്നത് അപകടങ്ങൾക്ക് വഴിയൊരുക്കും. സമീപത്തെ ചില വീട്ടുകാർ വീടിന്റെ മുൻഭാഗങ്ങളിൽ ഈ മണ്ണെടുത്ത് നിരത്തി​യി​ട്ടുണ്ട്.ഈ ഭാഗങ്ങളിൽ മഴവെള്ളം കെട്ടി നിൽക്കുമ്പോൾ അതിൽ ഇറങ്ങുന്നവരുടെ ത്വക്കിൽ ചൊറിച്ചിലുണ്ടാകുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.

ഒരു കിലോ മണൽ വേർതിരിച്ചാൽ

ഇൽമനൈറ്റ് അടങ്ങിയ ധാതു........60ശതമാനം

പാഴ് മണൽ.......................................40ശതമാനം

പറക്കുന്ന മണൽ

ആഴം വർദ്ധിപ്പിക്കുമ്പോൾ ലഭിക്കുന്ന മണൽ നിരത്തിയാലേ നിലവിലുള്ള കടൽഭിത്തിക്കു സംരക്ഷണവും ബലവും ലഭിക്കുകയുള്ളൂവെന്നാണ് തീരവാസികൾ പറയുന്നത്. യന്ത്രം ഉപയോഗിച്ച് ധാതുക്കൾ വേർതിരിച്ച ശേഷം ലഭിക്കുന്ന മണലിന് ഭാരക്കുറവായതിനാൽ ഇത് കാറ്റിൽ പറക്കുകയും മഴവെള്ളത്തിൽ ഒഴുകിപ്പോകുകയും ചെയ്യും. ചാക്കിലോ മറ്റ് ബാഗുകളിലോ നിറച്ച് നിക്ഷേപിക്കാതെ മണൽ നിരത്തിയിടുന്നതു കൊണ്ട് യാതൊരു ഗുണവും ലഭിക്കില്ലെന്നും പാരിസ്ഥിതിക പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

തീരസംരക്ഷണത്തോട് ആത്മാർത്ഥതയുണ്ടെങ്കിൽ എച്ച്.സലാം എം.എൽ.എ തോട്ടപ്പള്ളിയിലെ ഖനനം പൂർണമായി നിറുത്തി വയ്ക്കുന്നതിനുള്ള തീരുമാനം സർക്കാരിനെക്കൊണ്ടെടുപ്പിക്കണം. ഖനനം നിറുർത്തണമെന്ന ആവശ്യവുമായി ഹരിത ട്രിബ്യൂണലിന്റെയും ഹൈക്കോടതിയുടെയും മുന്നിലെത്തിയിട്ടും അനുകൂല ഉത്തരവ് ലഭിച്ചിട്ടില്ല. തീരദേശവാസികൾ ഇനി ആരോടാണ് പരാതി പറയേണ്ടത്?

വി.ദിനകരൻ, ജനറൽ സെക്രട്ടറി, ധീവരസഭ