
ആലപ്പുഴ : അമ്പലപ്പുഴ - എറണാകുളം തീരദേശ റെയിൽപ്പാത ഇരട്ടിപ്പിക്കൽ പദ്ധതിയ്ക്ക് അംഗീകാരം നേടിയെടുത്തതിന്റെ ക്രെഡിറ്റിനെച്ചൊല്ലി ആലപ്പുഴ എം.പി എ.എം.ആരിഫും മാവേലിക്കര എം.പി കൊടിക്കുന്നിൽ സുരേഷും തമ്മിൽ വാക്പോര് മുറുകുന്നു.
പാത ഇരട്ടിപ്പിക്കൽ സ്വന്തം ചെലവിൽ നടത്താനുള്ള തീരുമാനം റെയിൽവേ തന്നെ രേഖാമൂലം അറിയിച്ചതായി കഴിഞ്ഞ ദിവസം കൊടിക്കുന്നിൽ സുരേഷ് പ്രസ്താവനയിറക്കിയതോടെയാണ് വിവാദത്തിന്റെ തുടക്കം. ഇത് പുതിയ തീരുമാനമല്ലെന്നും തന്റെ ഇടപെടലിനെത്തുടർന്ന് കൊവിഡ് കാലത്തിനു മുമ്പേ ഇക്കാര്യം റെയിൽവേ അറിയിച്ചിരുന്നതാണെന്നും എ.എം.ആരിഫ് തിരിച്ചടിച്ചു. അന്നത്തെ തീരുമാനത്തിൽ നിന്ന് ഒരു മാറ്റവും ഇപ്പോൾ വരുത്തിയിട്ടില്ലെന്നും കൊടിക്കുന്നിലിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതാണെന്നുമാണ് ആരിഫിന്റെ പക്ഷം. കഴിഞ്ഞ ദിവസം ചേർന്ന റെയിൽവേ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിൽ ഈ വിഷയം ഉന്നയിച്ചതിനെത്തുടർന്നാണ് പാത ഇരട്ടിപ്പിക്കലിനെപ്പറ്റിയുള്ള തീരുമാനം കമ്മിറ്റി അംഗം കൂടിയായ തന്നെറെയിൽവേ ബോർഡ് അഡീഷണൽ മെമ്പർ വർക്ക്സ് ബ്രിജേഷ് കുമാർ അറിയിച്ചതെന്നാണ്
കൊടിക്കുന്നിൽ പറഞ്ഞത്.
എറണാകുളം -കായംകുളം തീരദേശപാത ഇരട്ടിപ്പിക്കലിന് 2003ൽ റെയിൽവേ അംഗീകാരം നൽകിയിരുന്നെങ്കിലും ഇതിൽ കായംകുളം മുതൽ അമ്പലപ്പുഴ വരെയുള്ള ഇരട്ടിപ്പിക്കൽ ജോലികളേ പൂർത്തിയായുള്ളൂ. അമ്പലപ്പുഴ - എറണാകുളം പാത ഇരട്ടിപ്പിക്കൽ നീണ്ടുപോവുകയായിരുന്നു. പദ്ധതി ഉടൻ പ്രാവർത്തികമാകുമോയെന്നതാണ് എം.പിമാർ തമ്മിലുള്ള വാക്പോരിനിടയിലും തീരദേശ പാതയിലെ യാത്രക്കാർ ചോദിക്കുന്നത്.
പുതിയ 4 പാലങ്ങൾ
പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ആലപ്പുഴ, എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്ന കൈതപ്പുഴ കായലിന് കുറുകേ ഒരു കിലോമീറ്റർ നീളം വരുന്ന പുതിയ പാലം ഉൾപ്പെടെ നാല് വലിയ പാലങ്ങൾ നിർമ്മിക്കാനുള്ള കരാർ ഉറപ്പിക്കുന്ന നടപടികൾ അവസാനഘട്ടത്തിലാണ്.
സ്ഥലമേറ്റെടുപ്പിന് ഓഫീസുകൾ
സ്ഥലം ഏറ്റെടുക്കൽ ജോലികൾ വേഗത്തിലാക്കാൻ എറണാകുളത്തും ആലപ്പുഴയിലും എൽ.എ (സ്ഥലമേറ്റെടുക്കൽ വിഭാഗം) ഓഫീസുകൾ തുറന്നു. കായംകുളം- അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലിന് സ്ഥലം ഏറ്റെടുക്കുന്നതിനായി കായംകുളത്ത് തുടങ്ങിയ ഓഫീസ് ആലപ്പുഴയിലേക്കും മൂവാറ്റുപുഴയിൽ പ്രവർത്തിച്ചിരുന്ന എൽ.എ വിഭാഗം ഓഫീസ് എറണാകുളത്തേക്കും മാറ്റുകയായിരുന്നു.
510 : ഏറ്റെടുക്കുന്ന സ്ഥലത്തിന് ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായി 510കോടി രൂപ കളക്ടറുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു
പദ്ധതി ചെലവ് (കോടിയിൽ)
ആകെ...................................₹2707.82
എറണാകുളം - കുമ്പളം......₹600.82
കുമ്പളം - തുറവൂർ...............₹825.37
തുറവൂർ - അമ്പലപ്പുഴ.......₹1281.63
പുരോഗതി
എറണാകുളം മുതൽ കുമ്പളം വരെ സ്ഥലം ഏറ്റെടുക്കൽ പൂർത്തിയായി
കുമ്പളം-തുറവൂർ ഭാഗത്ത് ഏറ്റെടുക്കാൻ മാർക്ക് ചെയ്ത സ്ഥലത്തിന്റെ നഷ്ടപരിഹാരവിതരണത്തിനുള്ള നടപടി തുടങ്ങി
ആലപ്പുഴ - അമ്പലപ്പുഴ ഭാഗത്തെ സ്ഥലമെടുപ്പിനുള്ള നടപടികൾ പൂർത്തിയാകാനുണ്ട്
"അമ്പലപ്പുഴ - എറണാകുളം പാത ഇരട്ടിപ്പിക്കൽ ജോലി വേഗത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് റെയിൽവേ ബോർഡ് ചെയർമാനുമായി ചർച്ച നടത്തിയിരുന്നു. പദ്ധതി വേഗത്തിൽ പൂർത്തീകരിക്കാൻ ശ്രമിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു. പദ്ധതിക്ക് നേരത്തേ അംഗീകാരം ലഭിച്ച വിവരം റെയിൽവേ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായ കൊടിക്കുന്നിൽ സുരേഷിന് അറിയില്ലെന്നാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയിലൂടെ വ്യക്തമാകുന്നത്
- എ.എം.ആരിഫ്
റെയിൽവേ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ സംസ്ഥാനത്തു നിന്നുള്ള ഏക അംഗമെന്ന നിലയിൽ കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലേയും റെയിൽവേ വികസനത്തിന് ആവശ്യമായ ഇടപെടലുകൾ റെയിൽവേ ബോർഡിന് മുന്നിൽ എത്തിക്കുന്നുണ്ട്. ആരുടെയും അധികാരം കവർന്നെടുക്കാൻ ശ്രമിച്ചിട്ടില്ല. കായംകുളം - എറണാകുളം തീരപാത ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്ന് ആക്ഷേപം ഉന്നയിക്കുന്നവർ മനസിലാക്കണം. പാത ഇരട്ടിപ്പ് പൂർത്തികരിച്ചാൽ മാത്രമേ പുതിയ സർവീസ് ഇതുവഴി ആരംഭിക്കാൻ കഴിയൂ. ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുകയാണ് ലക്ഷ്യം. - കൊടിക്കുന്നിൽ സുരേഷ്