g

ആലപ്പുഴ: പാർട്സുകൾ ചേർത്ത് നമ്മൾ വീട്ടിൽ സൈക്കിൾ ഉണ്ടാക്കുംപോലെ, ബ്രിട്ടനിൽ നാലു സീറ്റുള്ള വിമാനമുണ്ടാക്കി അതിൽ ഭാര്യയും രണ്ടു കുഞ്ഞു മക്കളുമൊത്ത് പറക്കുകയാണ് ആലപ്പുഴക്കാരൻ അശോക് താമരാക്ഷൻ. വിമാനത്തിനിട്ടത് ഇളയ മകളുടെപേര്, ജി-ദിയ. പേരിലെ ജി ഗ്രേറ്റ് ബ്രിട്ടൺ എന്ന പേരിന്റെ ആദ്യക്ഷരം.

അവിടെ ഫോർഡ് കമ്പനിയിൽ ഓട്ടോമൊബൈൽ എൻജിനീയറായ അശോക് ആർ.എസ്.പി നേതാവും മുൻ എം.എൽ.എയുമായ പ്രൊഫ എ.വി.താമരാക്ഷന്റെയും ഡോ.സുകൃത ലതയുടെയും മകനാണ്.

ഇൻഷ്വറൻസ് കമ്പനി ഉദ്യോഗസ്ഥ ഭാര്യ ഉത്തരേന്ത്യക്കാരി അഭി​ലാഷ ദുബെയുടെ പി​ന്തുണയോടെ ലോക്ക്ഡൗൺ​ കാലത്തായിരുന്നു വി​മാന നി​ർമ്മാണം. വിമാനം പറത്താൻ ഒന്നര വർഷത്തെ പൈലറ്റ് കോഴ്‌സ് ചെയ്തു. സെക്കൻഡ് ഹാൻഡ് വി​മാനത്തിനായി ശ്രമിച്ചെങ്കിലും ഒത്തുവന്നില്ല. തുടർന്നാണ് കിറ്റ് വാങ്ങി നിർമ്മിക്കാൻ തീരുമാനിച്ചത്​.

ദക്ഷിണാഫ്രിക്കയിൽ നിന്ന് യന്ത്രഭാഗങ്ങൾ ഇറക്കുമതി ചെയ്തു. ഓസ്ട്രിയയിലെ റോട്ടക്‌സ് കമ്പനിയുടേതാണ് എൻജിൻ. അമേരിക്കയിലെ ഗാർമിൻ കമ്പനിയിൽ നിന്ന് ഏവിയോണിക്‌സ് ഉപകരണങ്ങളും വാങ്ങി. വീടിനോട് ചേർന്ന് ഷെഡ്ഡ് നിർമ്മിച്ച് 2020 ഏപ്രിലിൽ നിർമ്മാണം ആരംഭിച്ചു.

ഓരോ ഘട്ടത്തിലും യു.കെ സിവിൽ ഏവിയേഷൻ അതോറിട്ടിയുടെ പരിശോധനയുണ്ടായിരുന്നു. അവസാനഘട്ട നിർമ്മാണം ബ്രിട്ടനിലെ ഹാങ്ങറിലാണ് നടന്നത്. മൂന്നു മാസത്തെ തുടർച്ചയായ പരിശോധനകൾക്കുശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ ആദ്യമായി പറന്നു.

യു.എസ്. കാനഡ, ഫ്രാൻസ് രാജ്യങ്ങളിലേക്കും പറക്കാൻ അനുമതിയുണ്ട്. ഇന്ത്യയിൽ കൊണ്ടുവരണമെങ്കിൽ പ്രത്യേക അനുമതി വേണം. വർഷം നൂറ് മണിക്കൂറെങ്കിലും പറത്തണമെന്നാണ് ചട്ടം. അതിനാൽ, സുഹൃത്തുക്കളായ മൂന്ന് പൈലറ്റുമാരിലാരെയെങ്കിലും കൂട്ടി യാത്രകൾ നടത്താറുണ്ട്. തുടർച്ചയായി 7 മണിക്കൂർ പറത്താം.
ആലപ്പുഴ കളക്ടറേറ്റിനു സമീപത്തെ കുടുംബവീട്ടിൽ ഭാര്യയും മക്കളുമൊത്ത് അശോക് എത്തിയിട്ടുണ്ട്. ഓണമാഘോഷിച്ച് തിരിച്ചുപോകും.

ആകെ ചെലവ്

1.75 കോടി

വേഗം

250 കി.മീറ്റർ

ഭാരം

520 കിലോ

ശേഷി

950 കിലോഗ്രാം ഭാരം താങ്ങും

ജീവിതത്തിലെ ഏറ്റവും വലിയ മോഹമാണ് സാധിച്ചത്. മാതാപിതാക്കളെ കൊണ്ടുപോയി വിമാനത്തിൽ പറക്കണം.

അശോക് താമരാക്ഷൻ