ബസ് സർവീസ് നിലച്ചത് നാടിന് ദുരിതമായി
ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിൽ ഒന്നായ ചാലിപ്പള്ളി-സ്കൂൾ കവല റോഡ് തകർന്ന് താറുമാറായതോടെ നാടിന്റെ ആശ്രയമായിരുന്ന മൂന്ന് സ്വകാര്യബസുകൾ ഓട്ടം മതിയാക്കി. ഇതോടെ യാത്രാക്ളേശത്താൽ നരകിക്കുകയാണ് ജനം.
14,15 വാർഡുകളിലൂടെ കടന്നു പോകുന്ന റോഡിനാണ് വർഷങ്ങളായി ഈ ദുർഗതി. വശങ്ങൾ തകർന്നു കുണ്ടും കുഴിയുമായ റോഡിൽ ഇരുചക്രവാഹനങ്ങളും സൈക്കിളുകളും അപകടത്തിൽപ്പെടുന്നത് പതിവാണ്. ആകെ രണ്ടര കിലോമീറ്റർ ദൂരമുള്ള റോഡിലെ ഒന്നര കിലോമീറ്ററും തകർന്ന നിലയിലാണ്. ചേർത്തല -തണ്ണീർമുക്കം റോഡിന് സമാന്തര പാതയാണിത്. മഴക്കാലമായതോടെ അപകടങ്ങൾ കൂടി. ചേർത്തലയേയും-സ്കൂൾ കവലയേയും ബന്ധിപ്പിക്കുന്ന, പഞ്ചായത്തിലെ പ്രധാന റോഡുകൂടിയാണിത്. സർവീസ് അവസാനിപ്പിച്ച സ്വകാര്യബസുകൾ അടുത്തകാലത്തെങ്ങും ഇതുവഴി വരാൻ സാദ്ധ്യതയില്ലെന്നു നാട്ടുകാർ പറയുന്നു.
വർഷങ്ങളായി അറ്റകുറ്റപ്പണി നടത്താത്തതാണ് തകർച്ചയ്ക്ക് ആക്കം കൂട്ടിയത്. വശങ്ങളിൽ കാടു കയറുന്നതും യാത്രയ്ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. പാമ്പുശല്യവും രൂക്ഷമായി. പ്രദേശത്തെ സ്വകാര്യ സ്കൂളിലേക്ക് സ്കൂൾ ബസുകൾ ഉൾപ്പെടെ വളരെ പണിപ്പെട്ടാണ് സഞ്ചരിക്കുന്നത്. ഓട്ടോറിക്ഷകൾ പോലും ഇതുവഴി എത്താൻ മടിക്കുക്കു. ചേർത്തലയിൽ നിന്ന് ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ പ്രവേശിക്കാനുള്ള ഏക മാർഗവും ഇതാണ്. കൊവിഡ് കാലത്ത് റോഡുകൾ എല്ലാം പൂർണമായി അടച്ചപ്പോഴും കോട്ടയം മെഡി. ആശുപത്രിയിലേക്കുൾപ്പെടെ രോഗികൾക്കും മറ്റുള്ളവർക്കും സഞ്ചരിക്കാനുള്ള മാർഗമായിരുന്നു ഈ റോഡ്. പഞ്ചായത്തിലെ മറ്റ് റോഡുകളെല്ലാം പുനർ നിർമ്മിച്ചെങ്കിലും ചാലിപ്പള്ളി-സ്കൂൾ കവല റോഡിന് അവഗണന മാത്രം.
..................
നൂറുകണക്കിന് യാത്രക്കാർ സഞ്ചരിക്കുന്ന പ്രധാന റോഡാണ് ചാലിപ്പള്ളി-സ്കൂൾ കവല റോഡ്. നിരവധി സ്കൂൾ കുട്ടികൾ ഉൾപ്പെടെ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. പഞ്ചായത്തിലെ എല്ലാ റോഡുകളും പുനർ നിർമ്മിച്ചിട്ടും പ്രധാന റോഡായ
ഇതിനെതിരെ അധികൃതർ കാട്ടുന്ന അനീതി പ്രതിഷേധാർഹമാണ്. അടിയന്തിരമായി പുനർ നിർമ്മിക്കണം.
സിദ്ധാർത്ഥൻ, മണവേലി (നാട്ടുകാരൻ)