upadeshikkatav-road

റോഡിന്റെ ദുരവസ്ഥയ്ക്ക് വർഷങ്ങൾ പഴക്കം

മാന്നാർ: കടപ്ര പഞ്ചായത്തിലെ പരുമല തിക്കപ്പുഴ-ഉപദേശിക്കടവ് റോഡ് തകർന്നിട്ട് വർഷങ്ങളായെങ്കിലും തിരിഞ്ഞുനോക്കാൻ ആളില്ല. തിക്കപ്പുഴയിൽ നിന്നും വടക്കോട്ട് ഉപദേശിക്കടവ് വരെ രണ്ട് കിലോമീറ്ററോളമുള്ള റോഡിന്റെ ദുരവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

മാന്നാർ കുരട്ടിക്കാട്ട് കോട്ടക്കൽ കടവ് പാലം പൂർത്തിയാകുന്നതോടെ മാന്നാർ-തിരുവല്ല സമാന്തര പാതയായി പരിഗണിക്കുന്ന പ്രധാന റോഡാണിത്. ഇതിനായി പമ്പാ നദിയിൽ ഉപദേശിക്കടവിലും പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പാലം പണിക്കാവശ്യമായ സാമഗ്രികളുമായി എത്തുന്ന വലിയ വാഹനങ്ങൾ നിരന്തരം കടന്നു പോകുന്നത് റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടി.

കടപ്ര ഗ്രാമപഞ്ചായത്ത് പൊതുശ്മശാനം, പരുമല സെന്റ്‌ മേരീസ് ഓർത്തഡോക്സ് ദേവാലയം, സിൻഡസ്മോസ് പബ്ലിക് സ്കൂൾ, സിൻഡസ്മോസ് ജൂനിയർ കോളേജ് എന്നിവിടങ്ങളിലേക്ക് ഈ റോഡിലൂടെയാണ് പോകുന്നത്. റോഡിലെ വെള്ളക്കെട്ടുകളും കുഴികളും ഏറെ അപകട സാദ്ധ്യതയുണ്ടാക്കുന്നു. സിൻഡസ്മോസ് പബ്ലിക് സ്കൂൾ ബസുകൾ കൂടാതെ മാന്നാർ നായർസമാജം, പാണ്ടനാട് സ്വാമി വിവേകാനന്ദന, നിരണം സ്റ്റെല്ലാമേരീസ്, കുരട്ടിക്കാട് ശ്രീഭുവനേശ്വരി, പരുമല ദേവസ്വംബോർഡ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളും ദിവസേന ഇതുവഴി കടന്നു പോകുന്നുണ്ട്. ഇക്കാരണത്താൽ ഇവിടെ ഗതാഗത തടസവും രൂക്ഷമാണ്. വാട്ടർ അതോറിട്ടി പൈപ്പ് ലൈനിനു വേണ്ടി റോഡിന്റെ വശങ്ങൾ കുഴിച്ച് മറിച്ചതോടെ ചെളി നിറഞ്ഞു ചതുപ്പായ അവസ്ഥയാണ്.

# ഗതികേട്, അല്ലാതെന്ത്!

ഉപദേശിക്കടവിലെ പാലംപണി പൂർത്തിയായ ശേഷമേ റോഡിന്റെ പണി നടത്തൂവെന്ന അധികൃതരുടെ വാശിയാണ് ഒരു നാടിനെയാകെ ബുദ്ധിമുട്ടിക്കുന്നത്. പാലംപണി പൂർത്തിയാകാൻ ഇനിയും ഏറെക്കാലം കാത്തിരിക്കേണ്ടിവരുമെന്നാണ് നാട്ടുകാർ പറയുന്നത്. കുണ്ടും കുഴിയും ചെളിയും നിറഞ്ഞ ഈ റോഡിലൂടെ അതുവരെ യാത്ര ചെയ്യാനാണ് നാട്ടുകാരുടെ വിധി.