ആലപ്പുഴ: മുല്ലയ്ക്കൽ വാർഡിൽ സീറോ ജംഗ്ഷൻ മുതൽ മഞ്ജുള ബേക്കറി വരെയുള്ള ഭാഗത്ത് കാൽനടയാത്രക്കാർക്ക് പോലും സഞ്ചരിക്കാനാവാത്ത വിധം നടപ്പാത കയ്യേറിയ വ്യാപാരികളെ സൗത്ത് പൊലീസ് സഹായത്തോടെ ആലപ്പുഴ നഗരസഭ ഹെൽത്ത് സ്‌ക്വാഡ് ഒഴിപ്പിച്ചു. യാത്രയ്ക്ക് തടസം ഉണ്ടാക്കുന് നതരത്തിൽ ഫുട്പാത്തിലേക്ക് ഇറക്കിവച്ച് വ്യാപാരം ചെയ്തവർ, അനധികൃത വഴിയോര കച്ചവടക്കാർ, പുറത്തേക്ക് ബോർഡുകളും മറ്റും ഇറക്കിവച്ചവർ എന്നിവരെയാണ് ഒഴിപ്പിച്ചത്. സീറോ ജംഗ്ഷൻ മുതൽ കൊമ്മാടി വരെ വഴിയാത്രക്കാർക്കും സ്‌കൂൾ കുട്ടികൾക്കും യാത്രയ്ക്ക് തടസമാകുന്ന വിധമുള്ള ഫുട്പാത്ത് കച്ചവടവും സാധനങ്ങളും ബോർഡുകളും ഇറക്കിവച്ചിട്ടുള്ളത് അടുത്ത ദിവസം തന്നെ മുന്നറിയിപ്പ് കൂടാതെ ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. ആലപ്പുഴ നഗരസഭ സെൻട്രൽ സർക്കിൾ ഹെൽത്ത് ഇൻസ്‌പെക്ടർ ബി. അനിൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ടി.എം. ഷംസുദ്ദീൻ, ഐ. അനീസ്, സി.വി. രഘു, ജെ. അനിക്കുട്ടൻ, എൻ.യു.എൽ.എം പ്രോജക്ട് മാനേജർ ശ്രീജിത്ത് എന്നിവർ ഒഴിപ്പിക്കൽ സ്‌ക്വാഡിന് നേതൃത്വം നൽകി.