ചേർത്തല: വാരനാട് ദേവീക്ഷേത്രത്തിലെ നിറപുത്തരി ആഗസ്റ്റ് മൂന്നിന് രാവിലെ 9.50 നും 10.40നും മദ്ധ്യേ നടക്കും. ബുധനാഴ്ച രാവിലെ കൊടിമരച്ചുവട്ടിൽ സമർപ്പിക്കുന്ന നെൽക്കതിരുകൾ മേൽശാന്തി തീർത്ഥം തളിച്ച് ശുദ്ധി വരുത്തും. തുടർന്ന് ചുവന്ന പട്ടിൽ പൊതിഞ്ഞ് കതിർക്ക​റ്റകൾ മേൽശാന്തി രജീഷ് കൃഷ്ണന്റെ നേതൃത്വത്തിൽ ശിരസിലേ​റ്റി വാദ്യമേളങ്ങളുടെ അകമ്പടിയോടെ മുഖമണ്ഡപത്തിൽ സമർപ്പിക്കും. ഒപ്പം ആൽ, മാവ്, ഇല്ലി, നെല്ലി എന്നിവയുടെ ഇലകളും ദശപുഷ്പം എന്നിവയും സമർപ്പിക്കും. ആദ്യക​റ്റയിൽ നിന്ന് എടുക്കുന്ന ഉണക്കലരി കൊണ്ട് ദേവിക്ക് പുത്തരി പായസം തയ്യാറാക്കും. മുഖമണ്ഡപത്തിലെ പൂജകൾക്ക് ശേഷം നെൽക്ക​റ്റകൾ ദേവിക്ക് സമർപ്പിക്കും. ഒപ്പം പുത്തരി പായസം, ഉപ്പുമാങ്ങ, ഇഞ്ചിത്തൈര്, മെഴുക്കുപുരട്ടി, പുളിശ്ശേരി എന്നിവയും നേദിക്കും. തുടർന്ന് ഉച്ചപൂജയ്ക്ക് ശേഷം നട അടയ്ക്കും. നിറപുത്തരിക്ക് മുൻകൂട്ടി ചീട്ടെടുക്കാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 85938 82269, 94470 13806.