ആലപ്പുഴ : ലിയോ തേർട്ടീന്ത് എൽ.പി സ്കൂളിൽ ട്രിപ്പിൾ പെർഫെക്ട് ഓൺലൈൻ അക്കാദമിയുമായി ചേർന്ന് ഇംഗ്ലീഷ് ഭാഷാ പ്രയോഗ പരിശീലനത്തിനു സംഘടിപ്പിച്ച ഏകദിന ശില്പശാല ഫാ. ഫെർണാണ്ടസ് കാക്കശ്ശേരി ഉദ്ഘാടനം ചെയ്തു. കൊവിഡിനെ തുടർന്ന് വിദ്യാർത്ഥികളിൽ ഏറിയപങ്കും ഇംഗ്ലീഷ് മീഡിയത്തിലേക്ക് ചേക്കേറിയതും രക്ഷിതാക്കൾക്ക് കുട്ടികളെ വേണ്ടവിധം പഠനത്തിൽ സഹായിക്കാൻ പറ്റാത്ത സാഹചര്യത്തിലും മലയാളത്തിനൊപ്പം ഇംഗ്ലീഷ് ഭാഷയും സംസാരിക്കാൻ കഴിവുറ്റവരാക്കുക എന്ന ലക്ഷ്യത്തിനു വേണ്ടിയാണ് ശില്പശാല സംഘടിപ്പിച്ചത്. ട്രിപ്പിൾ പെർഫെക്ട് മാനേജിംഗ് ഡയറക്ടർമാരായ ജോസഫ് ദാസൻ, ജീവ ജോസഫ്, പെർഫെക്ട് കിഡ്സ് എഡ്യൂക്കേഷൻ ഫൗണ്ടേഷൻ സെക്രട്ടറി ജോസ് മൈക്കിൾ എന്നിവർ രക്ഷിതാക്കൾക്ക് ഇംഗ്ലീഷ് പരിശീലനം നൽകി. മൂന്നുമാസം നീണ്ടുനിൽക്കുന്ന ഓൺലൈൻ ക്ലാസും ഉണ്ടായിരിക്കുമെന്ന് ഹെഡ്മിസ്ട്രസ് കെ.എസ്. ബായ് അറിയിച്ചു. സ്കൂളിന്റെ ചരിത്രത്തിൽ ഇതൊരു പൊൻതിളക്കം ആയിരിക്കുമെന്ന് മദർ പി.ടി.എ പ്രസിഡന്റ് ശരണ്യ സിജു പറഞ്ഞു.