മഴയും കർക്കടകവും ഇറച്ചി ഡിമാൻഡ് കുറച്ചു
ആലപ്പുഴ: ആഘോഷങ്ങളും, ചടങ്ങുകളുമില്ലാത്ത കർക്കടകത്തിലെ മഴക്കാലം ഇറച്ചിക്കോഴികളുടെ ഡിമാൻഡ് ഇടിച്ചു. കഴിഞ്ഞ മാസം കിലോഗ്രാമിന് 300 രൂപയ്ക്കടുത്ത് വരെയെത്തിയ ഇറച്ചിക്ക് വില നേർ പകുതിയായി. ജീവനുള്ള കോഴിക്ക് ഗ്രാമപ്രദേശങ്ങളിൽ 100 രൂപയ്ക്ക് താഴെ ഈടാക്കുമ്പോൾ നഗരത്തിൽ 118 രൂപ വരെയാണ്. മുമ്പ് 170 രൂപ വരെ എത്തിയിരുന്നു.
കിലോ 96 രൂപയ്ക്കാണ് ഗ്രാമ മേഖലകളിലെ ചിക്കൻ സെന്ററുകളിൽ ജീവനുള്ള കോഴിയുടെ കച്ചവടം. ചിങ്ങം പിറക്കുന്നത് വരെ കാര്യമായ ചടങ്ങുകളില്ലാത്തതിനാൽ വൻ ഇടിവാണ് ചിക്കൻ വിപണിക്കുണ്ടാവുന്നത്. ട്രോളിംഗ് നിരോധനം അവസാനിക്കാൻ ഏതാനും ദിവസങ്ങൾ കൂടി ശേഷിക്കുന്നുണ്ടെങ്കിലും, ഇത്തവണ മത്സ്യ ലഭ്യതയിൽ കാര്യമായ പ്രയാസം നേരിട്ടില്ല. ഇതും കോഴി വിപണിക്ക് തിരിച്ചടിയായി. ആരോഗ്യ വിഭാഗത്തിന്റെ പരിശോധനകൾ കർക്കശമായതിനാൽ നല്ല മത്സ്യമാണ് വിപണിയിലുള്ളത്. മഴക്കാലത്ത് പൊതുവേ ചിക്കൻ വിഭവങ്ങൾ കഴിക്കുന്നത് ദഹനത്തെ ബാധിക്കുമെന്നത് വിപണിയെയും ബാധിച്ചു! ഇതോടെയാണ് വില താഴ്ന്നത്.
ചിക്കനിൽ പ്രതിഫലിക്കുന്ന വിലക്കുറവ് വീടുകളിൽ മാത്രമേ ആസ്വദിക്കാനാവൂ. ചിക്കൻ വില ഉയർന്നപ്പോൾ വിഭവങ്ങളുടെ വില ഉയർത്തിയ ഹോട്ടലുകളൊന്നും, നിലവിലെ സാഹചര്യത്തിൽ വില കുറച്ചിട്ടില്ല. പലചലരക്ക് സാധനങ്ങളുടെ ജി.എസ്.ടി, പാചക വാതക വില വർദ്ധനവ് തുടങ്ങി നിരവധി ന്യായങ്ങളാണ് ഹോട്ടലുകാർ ചൂണ്ടിക്കാട്ടുന്നത്.
# ആവശ്യക്കാർ കുറഞ്ഞു
കൊവിഡ് കാലത്ത് ആവശ്യക്കാർ കൂടിയതോടെയാണ് കോഴിവില കുതിച്ചുയർന്നത്. വിപണി സാദ്ധ്യതയിൽ ആകൃഷ്ടരായി ധാരാളം പേർ കോഴി ഫാം വ്യവസായത്തിലേക്ക് കാൽവെച്ചു. ഇതോടെ ഉത്പാദനം കൂടി. സ്കൂളുകൾ തുറന്നതോടെ ഹോട്ടലുകളിലെത്തി ഭക്ഷണം കഴിക്കുന്ന കുടുംബങ്ങളുടെയും പാഴ്സലുകളുടെയും എണ്ണം കുറഞ്ഞു. ഒപ്പം രാമായണ മാസവും ആരംഭിച്ചു. ഇതോടെ സ്റ്റോക്കിന് ആനുപാതികമായ വിപണി ലഭിക്കാത്ത സ്ഥിതിയും കച്ചവടക്കാർക്ക് തിരിച്ചടിയായി.
# കോഴി വില (ഇന്നലെ)
ഫാം വില - 75 രൂപ
ഇറച്ചി വില - 190 രൂപ
ലൈവ് കോഴി - 98 രൂപ
........................
ഇനി ചിങ്ങം പിറക്കുന്നതോടെ മാത്രമേ വിപണിയിൽ ഉണർവ് പ്രതീക്ഷിക്കാനാകൂ. വിവാഹങ്ങളും ചടങ്ങുകളും ഓണവും വരുന്നതോടെ വിപണി ഉഷാറാകും. അടുത്ത 20 ദിവസം കൂടി വില താഴ്ന്നു തന്നെ നിൽക്കാനാണ് സാദ്ധ്യത
നസീർ, പൗൾട്രി അസോസിയേഷൻ