photo
ആലപ്പുഴ നഗരത്തിലെ മാലിന്യ സംസ്‌കരണ രീതികൾ പഠിക്കാൻ ശ്രീലങ്കൻ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുള്ള സംഘം ആലപ്പുഴ നഗരത്തിലെത്തിയപ്പോൾ

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ മാലിന്യ സംസ്‌കരണ രീതികൾ പഠിക്കാൻ ശ്രീലങ്ക, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നെത്തിയ 17 അംഗ സംഘം വിവിധ പ്രദേശങ്ങൾ സന്ദർശിച്ചു. ഖര മാലിന്യ സംസ്‌കരണ രീതികൾ പഠിക്കാൻ സ്വിറ്റ്സ്വർലാൻഡ്, നേപ്പാൾ, ശ്രീലങ്ക എന്നീ രാജ്യങ്ങളും ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ടാഗ് പ്രോജക്ടിന്റെ ഭാഗമായാണ് സംഘമെത്തിയത്.

കിലയും ഐ.ഐ.ടി മുംബയും സംയുക്തമായി ചാത്തനാട്ട് നടപ്പാക്കിയ വികേന്ദ്രീകൃത ദ്രവമലിന്യ സംസ്‌കരണ പ്ലാന്റ് ഡിവാട്‌സ്, ആലിശേരിയിലെ ഹരിത കർമ്മ സേനയുടെ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ എന്നിവ സംഘം സന്ദർശിച്ചു. തിരുവനന്തപുരം ആസ്ഥാനമായുള്ള സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലപ്പ്‌മെന്റ് സെന്ററാണ് കേരളത്തിലെ സന്ദർശനങ്ങൾക്ക് നേതൃത്വം നൽകുന്നത്. നഗരസഭ ഹെൽത്ത് ഓഫീസർ കെ.പി. വർഗീസ് , ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ സുമേഷ് പവിത്രൻ, ടെൻഷി സെബാസ്റ്റ്യൻ, എ.എസ്. ഗിരീഷ്, സി.വി. രഘു, കാൻ ആലപ്പി പ്രവർത്തകൻ രോഹിത് ജോസഫ് എന്നിവർ ആലപ്പുഴയിലെ സന്ദർശനങ്ങൾക്ക് നേതൃത്വം നൽകി.