ചേർത്തല എസ് .എൻ കോളേജിന്റെ സാംസ്‌കാരികോത്സവം
ചേർത്തല: ശ്രീനാരായണ കോളേജിലെ പ്രതിമാസ കലാ സാംസ്‌കാരിക പരിപാടിയായ ക്രിയേറ്റീവ് സർഗ സായാഹ്നം നാളെ ആരംഭിക്കും. പുല്ലാങ്കുഴൽ കലാകാരനും കോളേജിലെ പൂർവ വിദ്യാർത്ഥിയുമായ രാജേഷ് ചേർത്തല ഉദ്ഘാടനം ചെയ്യും.'വരൂ;സായാഹ്നങ്ങൾ സർഗാത്മകമാക്കാം' എന്ന ടാഗ് ലൈനോടെ എസ്.എൻ. കോളേജിൽ സംഘടിപ്പിക്കുന്ന പുതിയ പരിപാടിയാണ് ക്രിയേറ്റീവ്.എല്ലാ മാസവും ഒരു ദിവസം വൈകുന്നേരങ്ങളിൽ വിദ്യാർത്ഥികളുടെ സർഗവാസനകൾ പ്രകടിപ്പിക്കാൻ അവസരം ഒരുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.കോളേജിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഏതെങ്കിലും തരത്തിലുള്ള സർഗശേഷികൾ ഉണ്ടെന്നും അവ പ്രകടമാക്കുവാൻ അവസരം ലഭിക്കുകവഴി അവർക്ക് പ്രോത്സാഹനവും അംഗീകാരവും നൽകുകയെന്ന കാഴ്ചപ്പാടാണ് പരിപാടിക്കുള്ളത്. സ്റ്റേജ് ഇനങ്ങക്ക് പുറമേ വിദ്യാർത്ഥികളുടെ സാഹിത്യരചനകൾ ഉൾപ്പെടുത്തി മാഗസിൻ പ്രസിദ്ധീകരണം, ചിത്രങ്ങളുടെയും കരകൗശല വസ്തുക്കളുടെയും പ്രദർശനം,പാചകകലയിൽ താത്പര്യമുള്ള വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ഫുഡ് കോർട്ട് തുടങ്ങി വൈവിദ്ധ്യമാർന്ന പരിപാടികളായിരിക്കും സർഗസായാഹ്നത്തിൽ ഒരുക്കുക. എസ്.എൻ. കോളേജിന്റെ സാംസ്‌കാരികോത്സവം എന്ന നിലയിൽ വിഭാവനം ചെയ്തിരിക്കുന്ന പരിപാടിയിലൂടെ കൊവിഡാനന്തര കാമ്പസ് കാലം കൂടുതൽ സർഗാത്മകമാക്കുക എന്നതാണ് സംഘാടകർ ലക്ഷ്യമിടുന്നത്.
പ്രിൻസിപ്പൽ ഡോ.പി.എൻ.ഷാജി, പ്രോഗ്രാം കോ-ഓർഡിനേറ്റർ ടി.ആർ.രതീഷ്, അദ്ധ്യാപകരായ എസ്. റോഷ്‌നിശ്രീ,ഡോ.ഇ.ഷീജ ജോർജ്,പി.ബി.ഷൈജ,എസ്.ഭാനുപ്രിയ,ഡോ.സി.ധന്യ,ഡോ.എൻ.സവിത,വി.ബിപിൻ കുമാർ,വിനോദ് ജേക്കബ്,ടി.ആർ.സരുൺകുമാർ എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.