s

വേമ്പനാട്ടുകായലി​ൽ ആറ്റുകൊഞ്ചിന്റെ ലഭ്യത കുത്തനെ ഇടി​ഞ്ഞു

ആലപ്പുഴ: പ്രളയത്തെത്തുടർന്ന് വേമ്പനാട് കായലിന്റെ 'സ്വഭാവം' മാറിയതോടെ ആറ്റുകൊഞ്ച് ലഭ്യതയിലുണ്ടായ കുറവ് ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുന്നു. ശുദ്ധജലം വർദ്ധിച്ചപ്പോൾ ഉപ്പുവെള്ളത്തിന്റെ അളവ് കുറഞ്ഞതും മഴ കൂടിയതും തണ്ണീർമുക്കം ബണ്ട് കൃത്യമായി തുറക്കാത്തതുമാണ് ആറ്റുകൊഞ്ചിന്റെ പ്രജനനത്തിന് തടസമായത്. 2018 വരെ ലഭിച്ചിരുന്ന കൊഞ്ചിന്റെ അഞ്ചു ശതമാനം പോലും നിലവിൽ ലഭിക്കുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.

മുഹമ്മ, കൈനകരി, തണ്ണീർമുക്കം, സി ബ്ളോക്ക്, കുപ്പപ്പുറം, മാർത്താണ്ഡം പ്രദേശങ്ങളിലെ ആയിരക്കണക്കിന് തൊഴിലാളികളാണ് പ്രതിസന്ധിയിലായത്. ഉപ്പിന്റെ അളവ് കുറഞ്ഞതിനാൽ കുഞ്ഞുങ്ങളുടെ എണ്ണം നന്നേ കുറഞ്ഞു. എ ട്രീ ഏജൻസി കഴിഞ്ഞ ഫെബ്രുവരിയിൽ വേമ്പനാട്ട് കായലിൽ നടത്തിയ ഫിഷ് കൗണ്ടിലാണ് ആറ്റുകൊഞ്ചിന്റെ കുറവ് കണ്ടെത്തിയത്.

പ്രളയത്തിൽ അടിഞ്ഞുകൂടിയ എക്കലും മണലം മൂലം പലേടത്തും കായലിന്റെ ആഴം കുറഞ്ഞത് കൊഞ്ചിന്റെയും മറ്റ് മത്സ്യങ്ങളുടെയും പ്രജനനത്തിന് വിനയായി. ആറ്റുകൊഞ്ച് ശുദ്ധജലത്തിലാണ് വളരുന്നതെങ്കിലും പ്രജനന കാലത്ത് ഓരുജലത്തിൽ എത്തി മുട്ടയിടും. ശുദ്ധജലത്തിൽ ഉപ്പിന്റെ സാന്ദ്രത 15 ശതമാനം ഉണ്ടെങ്കിൽ മാത്രമേ മുട്ട വിരിഞ്ഞു കരുത്തുള്ള കുഞ്ഞുങ്ങൾ ലഭിക്കുകയുള്ളു. ദിവസങ്ങൾ മാത്രം ഓരു ജലത്തിൽ വളരും. തുടർന്ന് ശുദ്ധജലത്തിൽ ആറുമാസം കൊണ്ട് പൂർണ്ണ വളർച്ചയെത്തുന്നതോടെ ഒരു ആറ്റുകൊഞ്ചിന് 200 മുതൽ 850 ഗ്രാം വരെ തൂക്കം ലഭിക്കും.

ലഭ്യത ഇടിഞ്ഞു

വല വീശയും കമ്പി ഉപയോഗിച്ച് കുത്തിയുമാണ് ആറ്റുകൊഞ്ച് പിടിക്കുന്നത്. വലയിൽ പിടിക്കുന്ന കൊഞ്ചിന് കിലോയ്ക്ക് 600 മുതൽ 800 രൂപ വരെ ലഭിക്കുമ്പോൾ കുത്തുകൊഞ്ചിന് 350 മുതൽ 400 വരെയാണ് വില. ഒരു തൊഴിലാളിക്ക് പ്രതിദിനം അഞ്ചു മുതൽ 10 കിലോ വരെ ലഭിച്ചിരുന്നു.

നി​ക്ഷേപത്തി​ലും ആശങ്ക

കുറവ് പരിഹരിക്കാൻ ഫിഷറീസ് വകുപ്പ് കൊഞ്ച് കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്നുണ്ട്. വേമ്പനാട്ട് കായലിൽ പരമ്പരാഗതമായി ലഭിക്കുന്ന ആറ്റുകൊഞ്ചിന് രുചിയും നല്ല തൂക്കവുമേറും. നാടൻ കൊഞ്ചിന്റെ ഹാച്ചറി സംസ്ഥാനത്ത് ഇല്ലാത്തതിനാൽ വിശാഖപട്ടണത്തു നിന്ന് കൊണ്ടുവരുന്ന കുഞ്ഞുങ്ങളെയാണ് കായലിൽ നിക്ഷേപിക്കുന്നത്. നാടൻ കൊഞ്ചും നിക്ഷേപിക്കുന്ന കൊഞ്ചുമായുള്ള ഇണചേരലിൽ പുതിയ ഇനം കൊഞ്ചിന്റെ കുഞ്ഞുങ്ങളുണ്ടാകും. ഇതിന് പരമ്പരാഗത കൊഞ്ചിന്റെ ഗുണനിലവാരം ലഭിക്കുമോയെന്ന ആശങ്കയിലാണ് അധികൃതർ.

ഗുണനിലവാരമുള്ള നാടൻ ആറ്റുകൊഞ്ചിന്റെ കുഞ്ഞുങ്ങളെ കായലിൽ നിക്ഷേപിക്കണം. മത്സ്യങ്ങളുടെ പ്രജനനം സുഗമമാക്കാനും വംശനാശം ഒഴിവാക്കാനും തണ്ണീർമുക്കം ഷട്ടറുകൾ കൃത്യസമയത്ത് തുറന്നിടണം

-സിജി, മത്സ്യത്തൊഴിലാളി

വേമ്പനാട് കായലിൽ നി​ന്ന് പരമ്പരാഗതമായി ലഭിക്കുന്ന ആറ്റുകൊഞ്ച് കുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പി​ന്റെ നേതൃത്വത്തി​ൽ ഹാച്ചറി തുടങ്ങി ഉത്പാദിപ്പിക്കണം

-ആദർശ്, കുപ്പപ്പുറം