ശവക്കോട്ട, കൊമ്മാടി പാലങ്ങൾ ഒന്നരമാസത്തിനുള്ളിൽ നാടിന് സമർപ്പിക്കും

ആലപ്പുഴ: നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന, പുതിയ ശവക്കോട്ട, കൊമ്മാടി പാലങ്ങൾ ഒന്നരമാസത്തിനുള്ളിൽ നാടിന് സമർപ്പിക്കും. ശവക്കോട്ടപ്പാലത്തിലേക്കുള്ള അപ്രോച്ച് റോഡിന്റെ നിർമ്മാണം രണ്ടാഴ്ചക്കുള്ളിൽ ആരംഭിക്കും.

കൊമ്മാടിപ്പാലത്തിന്റെ സ്ളാബിന്റെ കോൺക്രീറ്റ് ജോലി ഈ ആഴ്ച പൂർത്തിയാകും. ഒന്നര മാസത്തിനുള്ളിൽ അപ്രോച്ച് റോഡുകളുടെയും ഇരുപാലങ്ങളെയും ബന്ധിപ്പിക്കുന്ന റോഡിന്റെയും ടാറിംഗ് ജോലി പൂർത്തിയാകും. കോൺക്രീറ്റ് ജോലി പൂർത്തിയായ ശവക്കോട്ട പാലത്തിന്റെ അപ്രോച്ച് റോഡ് നിർമ്മാണത്തിനായി ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന ജോലികൾ ആരംഭിച്ചു. രണ്ട് പാലത്തിന്റെയും ഇരുകരകളിലും അപ്രോച്ച് റോഡ് നിർമ്മാണത്തിന് ആര്യാട് സൗത്ത്, മുല്ലയ്ക്കൽ, ആലപ്പുഴ പടിഞ്ഞാറ് വില്ലേജുകളിലായി 28.14 സെന്റ് സ്ഥലമാണ് ഏറ്റെടുത്തത്. ഇതിലുള്ള 17കെട്ടിടങ്ങളാണ് പൊളിച്ചു നീക്കേണ്ടത്.

പാലത്തിന്റെ തെക്കേക്കരയിലുള്ള ഒരു കടമുറിയുടെ ഉടമയും കച്ചവടക്കാരനും തമ്മിലുള്ള തർക്കം കോടതിയിലായതിനാൽ അതുമായി ബന്ധപ്പെട്ട കെട്ടിടമാണ് ഇനി പൊളിച്ചു നീക്കാനുള്ളത്.

കൊമ്മാടിപാലത്തിന്റെ സ്ളാബിന്റെ അടിഭാഗത്തുള്ള ഡ്രിമ്മിന്റെ കോൺക്രീറ്റ് ജോലി കഴിഞ്ഞ ദിവസം പൂർത്തീകരിച്ചു. സ്ളാബിന്റെ കമ്പിപ്പണി അവസാനഘട്ടത്തിലാണ്. സ്ളാബിന്റെ കോൺക്രീറ്റിന് ശേഷം 28ദിവസം കഴിഞ്ഞാലം തുടർ ജോലികൾ നടത്താനാകൂ.

₹28.45കോടി : കൊമ്മാടി, ശവക്കോട്ട പാലങ്ങളുടെ നിർമ്മാണ ചെലവ്

ശവക്കോട്ടപ്പാലം

26 മീറ്റർ നീളം, 12 മീറ്റർ വീതി

കൊമ്മാടി പാലം

29 മീറ്റർ നീളം, 14 മീറ്റർ വീതി

(ഇരു പാലങ്ങൾക്കും ഒന്നരമീറ്റർ വീതിയിൽ നടപ്പാതയുണ്ടാകും)

'ശവക്കോട്ടപ്പാലത്തിന്റെ അപ്രോച്ച് റോഡിനായി ഏറ്റെടുത്ത സ്ഥലത്തുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കി തുടങ്ങി. രണ്ടാഴ്ചക്കുള്ളിൽ റോഡ് നിർമ്മാണം ആരംഭിക്കും. കാലാവസ്ഥ അനുകൂലമാണെങ്കിൽ ഇരുപാലങ്ങളുടെയും ജോലികൾ പൂർത്തീകരിച്ച് ഒന്നരമാസത്തിനുള്ളിൽ ഗതാഗതത്തിന് സജ്ജമാകും.

- അസി. എൻജിനീയർ, കേരള റോഡ് ഫണ്ട് ബോർഡ്