s

ഹരിപ്പാട്: കുടിശിക നിവാരണയജ്ഞത്തിന്റെ ഭാഗമായി വാട്ടർ അതോറിട്ടി ആംനസ്റ്റി പദ്ധതി പ്രകാരം പരാതികൾ തീർപ്പാക്കും. പദ്ധതിപ്രകാരം തീർപ്പാക്കുന്ന കണക്ഷനുകൾ കുടിശികത്തുകയുടെ 50ശതമാനം തുക അടച്ച് നിലനിറുത്താം. ബാക്കി തുക അടയ്ക്കാൻ ആറു തവണകൾ അനുവദിക്കും.

അപേക്ഷ ആഗസ്റ്റ് 15 വരെ നൽകാം. ഹരിപ്പാട് സെക്ഷൻ ഓഫീസ് പരിധിയിലെ ഉപഭോക്താക്കൾ ഹരിപ്പാട് സബ് ഡിവിഷൻ ഓഫീസിലും കായംകുളം പരിധിയിലെ ഉപഭോക്താക്കൾ കായംകുളം സെക്ഷൻ ഓഫീസിലുമാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷകൾ പരിഗണിക്കാനുള്ള സിറ്റിംഗ് ആഗസ്റ്റ് 15 വരെ ആഴ്ചയിൽ ഒരു ദിവസം എന്ന ക്രമത്തിൽ ഹരിപ്പാട് സബ് ഡിവിഷൻ ഓഫീസിൽ നടക്കും. 2021 ജൂൺ 30 ന് മുമ്പ് മുതൽ വാട്ടർ ചാർജ് കുടിശിക നിലനിൽക്കുന്നവർക്ക് അപേക്ഷ നൽകാം. തെറ്റായി ഗാർഹികേതര വിഭാഗത്തിൽ ബില്ലുകൾ നൽകിയിട്ടുള്ളവർക്ക്‌ ഗാർഹികവിഭാഗത്തിലുള്ള നിരക്കനുസരിച്ച്‌ പുനഃക്രമീകരിക്കും. വായുപ്രവാഹം മൂലം അധികബിൽ വന്ന ഉപഭോക്താക്കൾക്ക്‌ എയർ വാൽവ്‌ ഘടിപ്പിച്ചാൽ അധികതുക ഒഴിവാക്കി നൽകും. റവന്യു റിക്കവറി നടപടി നേരിടുന്നവരെയും ആംനെസ്റ്റി സ്കീമിൽ ഉൾപ്പെടുത്തും. ഇങ്ങനെയുള്ളവർ റവന്യു വകുപ്പിന് അടയ്ക്കാനുള്ള റിക്കവറി ചാർജ് കൂടി നൽകണം. കോടതി വ്യവഹാരങ്ങളിലുൾപ്പെട്ട ഉപഭോക്താക്കളെ, കേസ്‌ പിൻവലിക്കുകയാണെങ്കിൽ പദ്ധതിയിൽ പരിഗണിക്കും. കുടിശികയുടെ പേരിൽ വിച്ഛേദിക്കപ്പെട്ട ഗാർഹിക കണക്ഷനുകൾ യഥാർഥ ചാർജും പ്രതിമാസം അഞ്ചു രൂപ നിരക്കിൽ പിഴയും അടച്ചാൽ പുനഃസ്ഥാപിക്കും.

ഇളവുകളും വിഭാഗങ്ങളും

കാൻസർബാധിതർ, അവയവമാറ്റ ശസ്ത്രക്രിയ, ഡയാലിസിസ്‌ നടത്തുന്നവർ, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾ എന്നിവരുള്ള കുടുംബങ്ങൾക്ക്‌ സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ വാട്ടർ ചാർജ്‌ മാത്രം ഈടാക്കി കണക്‌ഷൻ പുനഃസ്ഥാപിച്ചു നൽകും. ലീക്കേജ്‌ കാരണം അധിക ബില്ല്‌ വന്നിട്ടുള്ള ഗാർഹിക ഉപഭോക്താക്കൾക്ക്‌ നിലവിൽ 50 കിലോലിറ്ററിൽ കൂടുതൽ അധികമായി രേഖപ്പെടുത്തുന്ന ഉപയോഗത്തിന്‌ ഓരോ കിലോലിറ്ററിനും 20 രൂപ വീതം കണക്കാക്കി ഒഴിവാക്കും. 2021 ജൂൺ 30നു മുൻപ് ലീക്ക്‌ വന്നിട്ടുള്ളതും ഉപഭോഗം മാസം 25 കിലോലിറ്ററിനു മുകളിൽ വന്നിട്ടുള്ളതുമായ ഉപഭോക്താക്കൾക്ക്‌ 25 കിലോലിറ്ററിനു മുകളിൽ വന്നിട്ടുള്ള വാട്ടർ ചാർജിന്റെ പകുതി ഈ സ്‌കീമിൽ ഒഴിവാക്കി നൽകും. ബിപിഎൽ ഉപഭോക്താക്കൾക്കു പരമാവധി 2,70,000 ലിറ്റർ വരെ ഒഴിവാക്കി, അതിനു മുകളിൽ രേഖപ്പെടുത്തിയ ഉപയോഗത്തിന്‌ മാത്രം ഗാർഹിക താരിഫിലെ മിനിമം ചാർജ്‌ ഈടാക്കും. കണക്ഷൻ വിച്ഛേദിക്കപ്പെട്ടിട്ടുള്ള ഗാർഹികേതര ഉപഭോക്താക്കൾക്ക്‌ 2% പ്രതിമാസ പിഴ ഈടാക്കുന്നതിനു പകരം 1% ഈടാക്കി കണക്ഷൻ പുനഃസ്ഥാപിച്ചു നൽകും. ഗാർഹികേതര കണക്ഷനുകൾക്ക്‌ നിലവിൽ നൽകാത്ത ലീക്കേജ് ആനുകൂല്യവും ദ്ധതി വഴി ലഭിക്കും. മൂന്നു വർഷത്തിലധികമായി ബില്ലുകൾ ലഭിക്കാത്ത ഉപഭോക്താക്കൾക്ക്‌ മറ്റു ചാർജുകൾ ഒഴിവാക്കി നൽകും.