
ആലപ്പുഴ: വർഷങ്ങളായി വാടക വീട്ടിൽ അന്തിയുറങ്ങിയ 10 കുടുംബങ്ങൾക്ക് കാർത്തികപ്പള്ളി പഞ്ചായത്തിന്റെ കരുതലിൽ വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി. ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ പട്ടികയിൽ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട ആറു വിധവകൾ ഉൾപ്പടെ, 10 പേർക്കാണ് മൂന്നു സെന്റ് സ്ഥലത്ത് പുതിയ വീടുകൾ നിർമിച്ചു നൽകുന്നത്. നിർമ്മാണം പൂർത്തികരിച്ച ആറു വീടുകളുടെ താക്കാൽ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ഭായി നേരത്തെ കൈമാറിയിരുന്നു. നാലു വീടുകളുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്. ഓരോ വീട്ടിലും സ്വീകരണ മുറി, സിറ്റ് ഔട്ട്, രണ്ട് കിടപ്പുമുറികൾ, അടുക്കള,ടോയ്ലറ്റ് എന്നിവയാണ് ക്രമീകരിച്ചത്. 2020-21ൽ പഞ്ചായത്ത് 20 ലക്ഷം രൂപ വകയിരുത്തി മൂന്നാം വാർഡിലെ മഹാദേവികാട് വാങ്ങിയ 35 സെന്റ് സ്ഥലത്താണ് പത്തു വീടുകളും നിർമ്മിച്ചത്. ലൈഫ് മിഷന്റെ 18 ലക്ഷം രൂപയുൾപ്പടെ 45 ലക്ഷത്തോളം രൂപയാണ് പദ്ധതിക്കായി ചെലവിട്ടത്.