പൂച്ചാക്കൽ: റോഡ് നന്നാക്കാൻ കുത്തിപ്പൊളിച്ച ഭാഗത്തു നിന്നുള്ള പൊടിശല്യം രൂക്ഷമായതോടെ പൂച്ചാക്കലിലെ വ്യാപാരികൾ പ്രതിഷേധവുമായി രംഗത്ത്. ഒന്നര മാസം മുമ്പാണ് ചേർത്തല - അരൂക്കുറ്റി റൂട്ടിലെ പൂച്ചാക്കൽ മുതൽ വീരമംഗലം ഭാഗത്തെ റോഡുകൾ പുനർ നിർമ്മിക്കുവാൻ ജെ.സി.ബി. ഉപയോഗിച്ച് പൊളിച്ചത്. വാഹനങ്ങൾ ഓടി നിരപ്പായതിനു ശേഷം ടാറിംഗ് നടത്താമെന്നാണ് കരാറുകാരൻ പറയുന്നത് . കടയുടെ പുറത്ത് ഡിസ്പ്ലേ ചെയ്യാൻ വെക്കുന്ന സാധനങ്ങൾ പൊടി കൊണ്ടു മൂടുകയാണ്. ഭക്ഷണസാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങളാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. റോഡിൽ മെറ്റൽ ഇളകി കിടക്കുന്നതു കൊണ്ട് ഇരു ചക്ര വാഹനങ്ങൾ തെന്നിവീഴുന്ന സംഭവങ്ങളുമുണ്ട്. ടാറിംഗ് തുടങ്ങുന്നതു വരെ റോഡിൽ വെള്ളം തളിച്ച് പൊട്ടിയിൽ നിന്നും മോചനം ഉണ്ടാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. കേരള വ്യാപാരി വ്യവസായ ഏകോപന സമിതി പൂച്ചാക്കൽ യൂണിറ്റ് പ്രസിഡന്റ് ടി.ഡി. പ്രകാശൻ, സെക്രട്ടറി അബ്ദുൽ ഗഫൂർ, ട്രഷറർ ഷണ്മുഖൻ നായർ നിർവ്വഹണ സമിതി അംഗളായ പി.ജയൻ, സുരേഷ്, ചന്ദ്രൻതുടങ്ങിയവർ സംസാരിച്ചു.