
മാന്നാർ: ടിപ്പർ ലോറിയിൽ നിന്ന് റോഡിലേക്ക് വീണ പാറപ്പൊടി അപകടങ്ങൾക്ക് കാരണമായതോടെ അഗ്നിശമന സേന എത്തി നീക്കം ചെയ്തു. തിരുവല്ല-മാവേലിക്കര സംസ്ഥാന പാതയിൽ മാന്നാർ നായർസമാജം ഗേൾസ് സ്‌കൂളിന് മുൻവശത്താണ് റോഡിൽ നിറയെ പാറപ്പൊടി വീണു കിടന്നത്. ഇതിൽ തെന്നി മറിഞ്ഞ് മൂന്ന് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റതോടെ മാന്നാർ എമർജൻസി റെസ്‌ക്യു ടീം അംഗവും പൊതു പ്രവർത്തകനുമായ അഭിലാഷ് മാന്നാർ ഫയർഫോഴ്സിന്റെ ചെങ്ങന്നൂർ യൂണിറ്റ് സിവിൽ ഡിഫൻസ്അംഗവും മാന്നാർ എമർജൻസി റെസ്‌ക്യു ടീം സെക്രട്ടറിയുമായ അൻഷാദ് മാന്നാറിനെ വിവരം അറിയിച്ചു. ഉടൻ തന്നെ അൻഷാദ് ചെങ്ങന്നൂർ ഫയർ സ്റ്റേഷനിൽ വിവരമറിച്ചതനുസരിച്ച് ഉദ്യോഗസ്ഥരായ ധനേഷ്, ശരത് ചന്ദ്രൻ, ശ്യാം, ബിനുലാൽ, പ്രസന്നൻ, ദിനേശ് എന്നിവരടങ്ങിയ അഗ്നിശമനസേന സംഘം എത്തി വെള്ളം ഉപയോഗിച്ച് റോഡിൽനിന്നും പാറപ്പൊടി നീക്കം ചെയ്ത് അപകടം ഒഴിവാക്കി. മാന്നാർ എമർജൻസി റെസ്‌ക്യുടീം അംഗങ്ങളും അഗ്നിശമന സേനക്കൊപ്പം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.