
കുട്ടനാട് : വിഷരോഗ മുക്തിക്ക് പേരുകേട്ട കൈനടി കരുമാത്ര ക്ഷേത്രത്തിൽ കർക്കടക വാവ് ഉത്സവം 28ന് നടക്കും. പരമശിവന്റെ അവതാരപുരുഷനായി കരുതുന്ന കരുമാത്ര ഇട്ടിയച്ചന്റെയും അമ്മയുടേയും നാമധേയത്തിലറിയപ്പെടുന്ന ക്ഷേത്രത്തിൽ നാഗയക്ഷിയും നാഗരാജാവുമാണ് പ്രധാന ആരാധനാമൂർത്തികൾ
.ശ്രികോവിലിന്റെ തെക്കേ നടയിൽ ഇട്ടിയച്ചനും വടക്കേ നടയിൽ അമ്മയും ജീവിച്ചിരുന്നതായാണ് ഐതിഹ്യം. മറ്റു ക്ഷേത്രങ്ങളിൽ നിന്നു വ്യത്യസ്തമായി വിഗ്രഹാരാധന ഇല്ലാത്ത ഇവിടെ ഇട്ടിയച്ചനുപയോഗിച്ചിരുന്നതെന്ന് കരുതുന്ന ഉടവാൾ,ചൂരവടി,മെതിയടി ,നാരായം എന്നിവ ക്ഷേത്ര നടയിൽ വച്ച് പൂജ നടത്തിവരുന്നു
വിഷസംബന്ധമായി ദുരിതമനുഭവിച്ചെത്തുന്ന രോഗികൾക്ക് പൂർവ്വാചാര പ്രകാരം പീഠങ്ങളിൽ പൂജിച്ചുവെയ്ക്കുന്ന കദളിപ്പഴമാണ് പ്രധാന പ്രസാദമായി നൽകിവരുന്നത്. വ്രതാനുഷ്ഠാനത്തോടെ കദളിപ്പഴം സേവിക്കുന്ന വിശ്വാസികൾക്ക് ഏത് പഴക്കം ചെന്ന രോഗവും മാറിക്കിട്ടുമെന്നാണ് വിശ്വാസം. 27 ന് രാത്രി 9ന് ക്ഷേത്രത്തിലെ ഏറ്റവും വിശേഷപ്പെട്ട വെള്ളംകുടി വയ്പ് വഴിപാട് നടക്കും . തുടർന്ന് പ്രത്യേക പൂജകൾക്ക് ശേഷം രാത്രി നട അടയ്ക്കും 28ന് പുലർച്ചെ 5ന് ശ്രീകോവിൽ തുറന്ന് കർക്കടക വാവ് ദർശനം ആരംഭിക്കും.