
ഹരിപ്പാട് : നെൽപ്പുര കടവിനെ പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടു വരാൻ ലക്ഷ്യമിട്ട ഫാം ടൂറിസം പദ്ധതി പാതിവഴിയിൽ മുടങ്ങി. രമേശ് ചെന്നിത്തല മന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് ഫാം ടൂറിസം പദ്ധതിക്ക് തുടക്കമായത്. ഇതിന്റെ ഭാഗമായി, കടവിൽ നിന്ന് പഴയ വിളക്കുകല്ലിലേക്ക് തോടിന്റെ ചിറയിലൂടെ നടപ്പാത ഒരുക്കി ഇന്റർ ലോക്ക് കട്ടകൾ പാകി. ഓഫീസിനു സമാനമായ രീതിയിൽ കെട്ടിടവും പണിതെങ്കിലും പിന്നീട് വന്ന പിണറായി സർക്കാരിന്റെ കാലത്ത് പ്രവർത്തനങ്ങൾ വഴിയിൽ മുടങ്ങി.
പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസും ഇതിന് സമീപമാണെന്നതിനാൽ ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് താമസ സൗകര്യവുമുണ്ടാകുമെന്നിരിക്കെ ഫാം ടൂറിസത്തിന്റെ വിപുലമായ സാദ്ധ്യതകളാണുള്ളതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
നെൽപ്പുര കടവ് തോട് പുല്ലും പായലും പോളയും നിറഞ്ഞ് ചെളി നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ട് കിടക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. പറമ്പിക്കേരി പാടശേഖരത്തിലെ കൃഷിയും നിലച്ചു.
ടൂറിസം വികസനത്തിന്
പാടശേഖരത്തിൽ ഒരു നെല്ലും ഒരു മീനും പദ്ധതി നടപ്പിലാക്കണം.
നെൽപ്പുര കടവ് തോടിന്റെ ഇരു ചിറകളും ഗതാഗതത്തിന് സജ്ജമാക്കണം .
അച്ചൻകോവിലാറും തോടും തമ്മിൽ ബന്ധിപ്പിച്ച് പഴയ ജലഘോഷയാത്ര മടക്കി കൊണ്ടു വരണം.
പായിപ്പാട് വള്ളംകളിയും ജലഘോഷയാത്രയും
ഹരിപ്പാട് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ വിഗ്രഹ ലബ്ദി പ്രതിഷ്ഠാ സ്മാരകമായി തിരുവോണം ,അവിട്ടം,ചതയം നാളുകളിൽ പായിപ്പാട്ടാറിൽ നടക്കുന്ന ചരിത്ര പ്രസിദ്ധമായ 3 ദിവസം നീണ്ടു നിൽക്കുന്ന ജലോത്സവമായും നെൽപ്പുര കടവിന് ബന്ധമുണ്ട്. തിരുവോണ നാളിൽ തുഴച്ചിൽക്കാർ വള്ളങ്ങളിൽ അച്ചൻകോവിലാറിലൂടെ ജലഘോഷയാത്രയായി നെൽപ്പുര കടവിലെത്തി അവിടെ നിന്നും നയമ്പും പങ്കായവുമേന്തി വഞ്ചിപ്പാട്ടും പാടി കാൽനടയായി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലേക്ക് എത്തിയിരുന്നു. എന്നാൽ നെൽപ്പുര കടവ് തോട്ടിൽ പുല്ലും പായലും പോളയും നിറഞ്ഞതോടെ ജലഘോഷയാത്ര ഇവിടേക്കെത്തുന്നത് നിലച്ചു.
നെൽപ്പുര കടവും പഴയ പ്രതാപവും
കുട്ടനാടൻ പാടശേഖരങ്ങളിൽ കൊയ്ത് മെതിച്ച് എടുക്കുന്ന നെല്ലിന്റെ ലെവി സംഭരിച്ച് അച്ചൻകോവിലാറിലൂടെ നെൽപ്പുര കടവിലെത്തിച്ച് ഇവിടെയുള്ള സംഭരണ ശാലയിൽ സൂക്ഷിച്ചിരുന്നു . കടവും ലൈറ്റ് ഹൗസിന് സമാനമായി നെല്ലുമായി ജലമാർഗ്ഗമെത്തുന്ന വള്ളക്കാർക്ക് അടയാളമായി സ്ഥാപിച്ച വിളക്ക് കല്ലുമൊക്കെ വ പ്രൗഡി മങ്ങിയെങ്കിലും ഇന്നും നിലനിൽക്കുന്നുണ്ട്. അച്ചൻകോവിലാറിലൂടെ എത്തി പറമ്പിക്കേരി പാടശേഖരത്തിന്റെ മദ്ധ്യഭാഗത്തു കൂടി നെൽപ്പുരക്കടവിലേക്കുള്ള ആഴം കൂടിയ തോട് മാർഗമാണ് നെല്ല് കയറ്റിയ വള്ളങ്ങൾ ഒന്നിന് പിറകെ ഒന്നായി എത്തിക്കൊണ്ടിരുന്നത്.
ഫാം ടൂറിസം പ്രാവർത്തികമാക്കി പ്രദേശത്തിന്റെ പഴയ പ്രതാപം മടക്കി കൊണ്ടുവരണമെന്ന ആവശ്യമാണ് ഉയരുന്നത്. നെൽപ്പുര കടവിന്റെ ചരിത്രപ്രാധാന്യം മനസിലാക്കി സംരക്ഷിക്കാൻ അധികൃതർ തയ്യാറാകണം
- ജനാർദ്ദനൻ (നാട്ടുകാരൻ)
ഫാം ടൂറിസം പദ്ധതിയിലൂടെ നെൽപ്പുര കടവിന്റെ ജീവൻ തിരികെ കിട്ടുമെന്ന് ഏറെ പ്രതീക്ഷിച്ചു. പക്ഷേ, ഒന്നും സംഭവിച്ചില്ല. പദ്ധതിയുമായി മുന്നോട്ട് പോകണമെന്നാണ് ആഗ്രഹം
- ജീവൻ (സമീപവാസി)