t

സ്കൂൾ ബസ് മൊബൈൽ ആപ് പ്രഖ്യാനപനത്തിലൊതുങ്ങി

ആലപ്പുഴ: സ്കൂൾ ബസിനെ ആശ്രയിക്കുന്ന കുട്ടികളുടെ യാത്രാവിവരം രക്ഷിതാക്കൾക്ക് അറിയാനായി മോട്ടോർ വാഹന വകുപ്പ് ആവിഷ്കരിച്ച 'വിദ്യാവാഹിനി' മൊബൈൽ ആപ്പ്, അദ്ധ്യയനം ആരംഭിച്ച് രണ്ട് മാസം പിന്നിട്ടിട്ടും കാണാനില്ല. ഇതു സംബന്ധിച്ച് തങ്ങൾക്ക് ഒന്നുമറിയില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

ജോലി സ്ഥലങ്ങളിൽ ഇരുന്നുപോലും കുട്ടികളുടെ യാത്ര സംബന്ധിച്ച വിവരം ലഭിക്കുമെന്നത് രക്ഷിതാക്കൾക്ക് ആശ്വാസകരമായിരുന്നു. പണം നൽകിയും, ആപ്പ് വാങ്ങാൻ രക്ഷിതാക്കൾ തയ്യാറാണെങ്കിലും പ്രഖ്യാപനത്തിനപ്പുറം നടപടികളിൽ നീക്കുപോക്കുണ്ടായിട്ടില്ല. മോട്ടോർ വാഹന വകുപ്പിന്റെ തന്നെ സുരക്ഷാ മിത്രാ പദ്ധതിയുടെ ഭാഗമായാണ് വിദ്യാവാഹിനി പുറത്തിറക്കുമെന്ന് അറിയിച്ചിരുന്നത്. ജൂണിൽ പ്രവർത്തനം തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ജൂലായ് അവസാനിക്കുമ്പോഴും അനക്കമൊന്നുമില്ല.

വിദ്യാവാഹിനി ആപ്പ് പണിപ്പുരയിലാണെന്നാണ് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റ് ഓഫീസിന്റെ വിശദീകരണം. എന്നാൽ പദ്ധതി എന്ന് പ്രാവർത്തികമാകുമെന്നത് സംബന്ധിച്ച് ധാരണയില്ല. ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങൾ ട്രാക്ക് ചെയ്യാനുള്ള സംവിധാനം നിലവിൽ മോട്ടോർ വാഹന വകുപ്പ് ഉപയോഗിക്കുന്നുണ്ട്. വാഹനങ്ങളെ ജി.പി.എസ് വഴി ഗതാഗത വകുപ്പിന്റെ സെർവറുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. ഓരോ സ്കൂളുകൾക്കും അവരവരുടെ വാഹനങ്ങളുടെ വിവരങ്ങൾ വിരൽത്തുമ്പിൽ അറിയത്തക്ക വിധം ആപ്പിൽ ലോഗിൻ ചെയ്യാനുള്ള സൗകര്യമാണ് വിദ്യാവാഹിനി വാഗ്ദാനം ചെയ്യുന്നത്. ആദ്യ ഘട്ടത്തിൽ സ്കൂളുകൾക്ക് ലഭിക്കുന്ന ആപ്പ് രക്ഷിതാക്കൾക്ക് കൈമാറാം.

......................

മക്കളുടെ യാത്ര വിരൽത്തുമ്പിൽ

# സ്കൂളുകൾക്കും രക്ഷിതാക്കൾക്കും ലോഗിൻ ചെയ്യാം

# വാഹനം ഓടുന്ന ട്രാക്ക് മൊബൈലിൽ അറിയാം

# അപകടമുണ്ടായിൽ അപായ സൂചന അലർട്ടായി ലഭിക്കും

# സഹായം തേടാൻ വാഹനങ്ങളിലെ പാനിക് ബട്ടൺ ഉപയോഗിക്കാം

# വാഹനം 40 ഡിഗ്രിയിലധികം ചരിഞ്ഞാലും അലർട്ട് സന്ദേശമെത്തും

വിദ്യാവാഹിനി ആപ്പ് പണിപ്പുരയിലാണ്. ആപ്പ് പുറത്തിറങ്ങുന്നതോടെ, കുട്ടികൾ സഞ്ചരിക്കുന്ന വാഹനങ്ങളുടെ വിവരം തത്സമയം അറിയാൻ രക്ഷിതാക്കൾക്കും സാധിക്കും

ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ് ഓഫീസ്, തിരുവനന്തപുരം