s

ആലപ്പുഴ: മായം കലർന്ന ഭക്ഷ്യവസ്തുക്കളുടെ വി​ല്പന ജി​ല്ലയി​ൽ തകൃതി​യായതോടെ ഭക്ഷ്യസുരക്ഷാവകുപ്പ് പരി​ശോധന കടുപ്പി​ച്ചു.

കഴി​ഞ്ഞ ജനുവരി​ മുതൽ 1927 ഇടങ്ങളിൽ നടത്തി​യ പരിശോധനയി​ൽ വിവിധയിനം ഭക്ഷ്യവസ്തുക്കളും മത്സ്യവും പിടിച്ചെടുത്തു. 373 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 732 നിരീക്ഷണ സാമ്പിളുകളും എടുത്തു.

ലേബൽ വിവരങ്ങളിൽ തെറ്റു കണ്ടെത്തിയ ഒൻപത് സാമ്പിളുകളിൽ നിയമ നടപടിക്കുള്ള റിപ്പോർട്ട് ആർ.ഡി.ഒയ്ക്ക് കൈമാറി. നിയമ വിരുദ്ധമായി നി​റം ചേർത്ത ചെറുപയർ, കറിപൗഡറുകളും കണ്ടെത്തി. വിവിധയി​നം ബേക്കറി സാധനങ്ങളുടെ 11 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഹരിപ്പാട്, ആലപ്പുഴ നഗരം എന്നിവി​ടങ്ങളിൽ നിന്ന് പിടിച്ചെടുത്ത മത്സ്യങ്ങൾ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു.

തട്ടുകടകളി​ൽ ഭൂരി​ഭാഗവും വൃത്തി​ഹീനമായ സാഹചര്യത്തി​ലാണ് പ്രവർത്തി​ക്കുന്നതെന്നു കണ്ടെത്തി​ ഇക്കാര്യത്തി​ൽ അടി​യന്തി​ര പരി​ഹാരം ആവശ്യപ്പെട്ടി​ട്ടും ഉടമകൾ ഗൗനി​ക്കുന്നി​ല്ലെന്ന് ഉദ്യോഗസ്ഥർ പറയുന്നു. ഇവ തുടർന്നു പ്രവർത്തി​ക്കുന്നത് തടയും.

സർവത്ര മായം

നെയ്യ്, വെണ്ണ, തേൻ, പഴങ്ങൾ എന്നിവയിൽ മായം ചേരുന്നത് വലിയ ആരോഗ്യ ഭീഷണി​യാണ് സൃഷ്‌ടി​ക്കുന്നത്. നെയ്യിൽ മറ്റ് എണ്ണകൾ ചേരുന്നത് കൊളസ്‌ട്രോൾ ഉൾപ്പെടെ വർദ്ധി​പ്പി​ക്കും. ചായപ്പൊടി, തേയില എന്നി​വയി​ലും മായമുണ്ട്. തേനിൽ പഞ്ചസാര ലായനി ചേർക്കുന്നുവെന്നും ആക്ഷേപമുണ്ട്.

പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ പകലും രാത്രിയിലും പരിശോധന ശക്തമാക്കിയി​ട്ടുണ്ട്. ജില്ലയിൽ ഒൻപത് ഫുഡ് സേഫ്ടി​ ഓഫീസർമാരാണുള്ളത്. രണ്ടുപേരടങ്ങുന്ന ഗ്രൂപ്പായി​ തിരിഞ്ഞാണ് പരിശോധന. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കും കമ്പനികൾക്കും എതിരെ നടപടി സ്വീകരിക്കും

-ജി. രഘുനാഥക്കുറുപ്പ്,
അസി.കമ്മി​ഷണർ, ഭക്ഷ്യ സുരക്ഷാ വകുപ്പ്, ആലപ്പുഴ

2022 ജനുവരി മുതൽ പരിശോധന

* ആകെ.......................................................1927

* സാമ്പിൾ....................................................373

* നിരീക്ഷണ സാമ്പിൾ ...............................732

* ആർ.ഡി.ഒയ്ക്ക് റിപ്പോർട്ട് നൽകിയ സാമ്പിൾ.....9

* ഗുണനിലവാരം കുറഞ്ഞത്.........................3

* ഗുണനിലവാരം ഇല്ലാത്ത ബേക്കറികൾ...........11