ആലപ്പുഴ : കുടിവെള്ളവിതരണം മുടങ്ങില്ലെന്ന് തിരഞ്ഞെടുപ്പുകാലത്ത് വോട്ടർമാർക്ക് നൽകിയ വാഗ്ദാനം പാലിക്കാനാവാതെ നെട്ടോട്ടമോടുകയാണ് ആര്യാട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾ. ആലപ്പുഴ കുടിവെള്ള പദ്ധതിയിൽ നിന്നാണ് പഞ്ചായത്തിലെ 18 വാർഡുകളിലും കുടിവെള്ളവിതരണം നടത്തുന്നത്.
പലേടത്തും പൈപ്പിൽ നിന്ന് നൂല് പോലെയാണ് വെള്ളം ലഭിക്കുന്നത്. ജൽ ജീവൻ മിഷൻ പദ്ധതിയിൽ പുതിയ പൈപ്പ് ലൈനുകൾ പല സ്ഥലങ്ങളിലും സ്ഥാപിച്ചെങ്കിലും ഈ ലൈനുകളിലൂടെ ഇതുരെ വെള്ളം ലഭിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. നിരവധി തവണ സമരമാർഗങ്ങളിലേക്ക് കടക്കാൻ ജനപ്രതിനിധികൾ പദ്ധതിയിട്ടെങ്കിലും, ഉടൻ പരിഹാരം കാണാമെന്ന ജല അതോറിട്ടിയുടെ വാഗ്ദാനത്തിൽ വിശ്വസിച്ച് പിൻമാറുകയായിരുന്നു. പ്രശ്നത്തിന് പരിഹാരം കാണാൻ രാഷ്ട്രീയത്തിനതീതമായി പ്രതിഷേധ പരിപാടികളിലേക്ക് കടക്കാനുള്ള ആലോചനയിലാണ് പഞ്ചായത്തംഗങ്ങൾ.
ചില പ്രദേശങ്ങളിൽ അടുത്തിടെ പൈപ്പ് മാറ്റിയിട്ടതിനാൽ ഏതാനും കുടുംബങ്ങൾക്ക് വെള്ളം ലഭിക്കുന്നുണ്ട്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടാങ്കറുകളിൽ വെള്ളമെത്തിക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും, ഉൾപ്രദേശങ്ങളിലെ വീടുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല.
കുഴൽക്കിണറും പറ്റില്ല
വേമ്പനാട് കായൽത്തീരത്തുള്ള വാർഡുകളിൽ കുഴൽക്കിണർ കുഴിക്കുന്നത് പ്രായോഗികമല്ലാത്തതും ജനങ്ങൾക്ക് തിരിച്ചടിയാണ്. അടുപ്പിച്ച് വീടുകളുള്ള കോളനികളിൽ ഉൾപ്പടെ കുഴൽക്കിണർ സ്ഥാപിച്ചാൽ കക്കൂസ് മാലിന്യങ്ങൾ പോലും വെള്ളത്തിൽ കലരാനുള്ള സാദ്ധ്യതയുണ്ട്.
നിരന്തരം പരാതികൾ നൽകിയിട്ടും കുടിവെള്ളപ്രശ്നത്തിൽ ശാശ്വതപരിഹാരമൊരുക്കാൻ ജല അതോറിട്ടിക്ക് സാധിച്ചിട്ടില്ല. സമരം പ്രഖ്യാപിക്കുമ്പോൾ, ഉടൻ ശരിയാക്കാം എന്ന സ്ഥിരം പല്ലവിയാണ് കേൾക്കുന്നത്
- എം.അനിൽകുമാർ, 5ാം വാർഡ് മെമ്പർ
പഞ്ചായത്തിന്റെ കിഴക്കേ അതിര് വേമ്പനാട്ട് കായലാണ്. ഇവിടെ കുഴൽക്കിണർ കുഴിക്കുന്നത് പ്രായോഗികമല്ല. കഴിഞ്ഞ രണ്ട് മാസവും മഴവെള്ളം ശേഖരിച്ചു വെച്ചാണ് ജനങ്ങൾ ഉപയോഗിച്ചത്
-പി.ആർ.വിഷ്ണു, 7ാം വാർഡ് മെമ്പർ
കുടിവെള്ളം സംബന്ധിച്ച പരാതികളുമായി രാപ്പകൽ വ്യത്യതാസമില്ലാതെ ജനങ്ങൾ വിളിക്കുന്നുണ്ട്. ടാങ്കറുകളിലെത്തുന്ന വെള്ളം റോഡരികിലെ കുടുംബങ്ങൾക്ക് മാത്രമേ ലഭിക്കുന്നുള്ളൂ.
- സിജി നവാസ്, 8ാം വാർഡ് മെമ്പർ
കുടിവെള്ളപ്രശ്നം പരിഹരിക്കുമെന്ന് തിരഞ്ഞെടുപ്പ് നാളുകളിൽ ജനങ്ങൾക്ക് ഉറപ്പു നൽകിയതാണ്. എന്നാൽ നാളിതുവരെ അത് സാധിച്ചുകൊടുക്കാൻ സാധിക്കുന്നില്ല. ഏതാനും പൊതു പൈപ്പുകളിൽ മാത്രമാണ് സ്ഥിരമായി വെള്ളം വരുന്നത്. ജല അതോറിട്ടി അടിയന്തര പരിഹാരം കണ്ടെത്തിത്തരണം
- പ്രസീദ ബാബു, 12ാം വാർഡ് മെമ്പർ