photo

ആലപ്പുഴ: നഗരത്തിൽ പുതുക്കി പണിയുന്ന കൊമ്മാടി പാലത്തിന്റെ മുകൾ ഭാഗത്തെ സ്ളാബിന്റെ കോൺക്രീറ്റ് നിർമ്മാണം ആരംഭിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എയാണ് കോൺക്രീറ്റ് ജോലികൾക്ക് തുടക്കംകുറിച്ചത്. 29 മീറ്റർ നീളത്തിലും 14 മീറ്റർ വീതിയിലും ഒന്നരമീറ്റർ വീതിയിൽ പാലത്തിന്റെ ഇരുവശത്തും നടപ്പാതയോടെയാണ് പാലം പുതുക്കിപണിയുന്നത്. അപ്രോച്ച് റോഡിന്റെയും പാർശ്വഭിത്തിയുടെയും നിർമ്മാണം പുരോഗമിക്കുകയാണ്. ആലപ്പുഴ നഗരത്തിലേക്ക് പ്രവേശിക്കുന്ന കവാടമെന്ന നിലയിൽ ഏറെ പ്രാധാന്യമുള്ളതാണ് കൊമ്മാടിപാലം. ശവക്കോട്ടപാലം, കൊമ്മാടിപാലം എന്നിവ പൂർത്തിയാകുന്നതോടെ നഗരത്തിലെ ഗതാഗതകുരുക്കിന് ഒരു പരിധിവരെ പരിഹാരം കാണുവാൻ കഴിയും. കെ.ആർ.എഫ്.ബി. സൂപ്രണ്ടിംഗ് എൻജിനീയർ സി.ആർ. മഞ്ജുഷ, എക്‌സിക്യൂട്ടീവ് എൻജിനീയർ എച്ച്. രാജേഷ്, അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ അരവിന്ദ് സച്ചി തുടങ്ങിയവർ കോൺക്രീറ്റ് ജോലികൾക്ക് മേൽനോട്ടം വഹിക്കുന്നത്. ഇന്ന് കോൺക്രീറ്റിംഗ് ജോലികൾ പൂർത്തിയാകും.