gh

ആലപ്പുഴ: നഗരസഭയുടെ നേതൃത്വത്തിൽ അനധികൃത വഴിയോരകച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു.

കൗൺസിൽ അംഗീകരിച്ച വെന്റിംഗ് സോണുകളിൽ അംഗീകാരമുള്ള വഴിയോരകച്ചവടക്കാരെ മാത്രം തുടരാൻ അനുവദിക്കും. നോൺവെന്റിംഗ് സോണുകളിലും, വൈറ്റ് ടോപ്പിംഗ് റോഡുകളിലും യാതൊരു വഴിയോര കച്ചവടവും അനുവദിക്കില്ല. റോഡിലേക്കിറക്കി വച്ച ബോർഡുകളും നീക്കം ചെയ്തു. പാർക്കിംഗ് സ്ഥലം അടച്ചുകെട്ടി വഴിയോര കച്ചവടത്തിനു നൽകി വാടക വാങ്ങുന്ന പരാതി ഉയർന്ന സാഹചര്യത്തിലാണ് പരിശോധന കർശനമാക്കിയത്.

മുല്ലക്കൽ സീറോ ജംഗ്ഷൻ മുതൽ ജില്ലാകോടതി പാലം വരെ കാൽനടയാത്രക്കാർക്ക് പോലും ബുദ്ധിമുട്ടാകുന്ന തരത്തിൽ ഫുട്പാത്തിലേക്ക് ഇറക്കി വച്ച് വ്യാപാരം ചെയ്യുന്നവരെയും, അനധികൃത വഴിയോര കച്ചവടക്കാരെയുമാണ് മാറ്റിയത്. പുറത്തേക്ക് ബോർഡുകളും മറ്റും ഇറക്കിവച്ചിട്ടുള്ളതും, നാസ് ഷോപ്പിംഗ് കോംപ്ലക്‌സിനു മുന്നിൽ പാർക്കിംഗ് ഏരിയയിൽ അനധികൃതമായി വ്യാപാരം നടത്തിയ സ്ഥാപനവും, മുല്ലക്കൽ ക്ഷേത്രത്തിനു മുൻവശം റോഡിലേക്ക് ഇറക്കി പൂക്കച്ചവടം നടത്തിയ തട്ടുകളും നഗരസഭ ഹെൽത്ത് സ്‌ക്വാഡ്, കൺട്രോൾ റൂം പൊലീസിന്റെ സഹായത്തോടെ ഒഴിപ്പിച്ചു. നഗരസഭ സെൻട്രൽ സർക്കിൾ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എസ്.ഹർഷിദ്, ബി.അനിൽകുമാർ, ആർ.അനിൽ കുമാർ, കൺട്രോൾ റൂം പൊലീസ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ടി.എം.ഷംസുദ്ദീൻ, ഐ.അനീസ്, സി.വി.രഘു, വി.ശിവകുമാർ, റിനോഷ്, എൻ.യു.എൽ.എം മാനേജർ ശ്രീജിത്ത്, നഗരസഭ ജീവനക്കാർ എന്നിവർ സ്‌ക്വാഡിൽ പങ്കാളികളായി.