അഞ്ചു വർഷത്തിനിടെ പുതിയ പമ്പിന്റെ സ്ഥിരം മോട്ടോർ തറകൾ
ആലപ്പുഴ: ജില്ലയിലെ പാടശേഖരങ്ങളിൽ മടവീഴ്ചയും വെള്ളപ്പൊക്ക ഭീഷണിയും ഒഴിവാക്കാൻ അഞ്ചു വർഷത്തിനുള്ളിൽ വെർട്ടിക്കൽ ആക്സിൽ ഫ്ളോ പമ്പ് സെറ്റുൾപ്പെടുന്ന സ്ഥിരം മോട്ടോർ തറ സ്ഥാപിക്കാൻ കൃഷിവകുപ്പ് തയ്യാറെടുക്കുന്നു.
കുട്ടനാട് പാക്കേജ്, ത്രിതല പഞ്ചായത്ത് സമിതികളുടെ സഹായത്തോടെയാണ് പുതിയ സംവിധാനം. 50 കുതിരശക്തിയുള്ള സെറ്റിന് 30 ലക്ഷം രൂപയാണ്.
ബണ്ടുകൾക്ക് ബലക്ഷയം ഉണ്ടാകാതെ വെള്ളം വേഗം പുറത്തേക്ക് ഒഴുക്കാൻ കഴിയുന്ന സംവിധാനമാണിത്. 580 പാടശേഖരങ്ങളിൽ നിലവിൽ 800 പെട്ടി മോട്ടോർ തറകളുണ്ട്. ആദ്യഘട്ടത്തിൽ ഒരുപാടശേഖരത്ത് ഒന്നുവീതം ആധുനിക പമ്പ് സെറ്റ് സ്ഥാപിക്കും. കഴിഞ്ഞ വർഷം 30 പമ്പ് സെറ്റും മോട്ടോർ തറയും സ്ഥാപിച്ചു. ഈ വർഷവും ഇത്രതന്നെ പമ്പ് സെറ്റ് വാങ്ങാൻ ടെണ്ടർ ക്ഷണിച്ചിട്ടുണ്ട്. ഇതോടെ, വെള്ളപ്പൊക്കമായാലും കാർഷിക കലണ്ടർ അനുസരിച്ച് കർഷകർക്ക് ഭയാശങ്കയില്ലാതെ കൃഷിയിറക്കാനാകും. കഴിഞ്ഞ വർഷം വെർട്ടിക്കൽ ആക്സിൽ ഫ്ളോ പമ്പ് സെറ്റ് സ്ഥാപിച്ച ചിത്തിര, റാണി കായലുകളിൽ സുരക്ഷിതമായി കൃഷി നടന്നിരുന്നു.
നിലവിൽ 20, 30, 50 കുതിരശക്തിയുള്ള പെട്ടി തറകളാണ് പ്രവർത്തിക്കുന്നത്. പുതിയ സംവിധാനത്തിന് കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറുകളുടെ കപ്പാസിറ്റിയും വർദ്ധിപ്പിക്കണം. പമ്പ് സെറ്റ് പ്രവർത്തിക്കാൻ 380- 420 വോൾട്ടാണ് ആവശ്യം. നിലവിൽ 280- 350 വരെ വോൾട്ടാണ് ലഭിക്കുന്നത്.
# വെർട്ടിക്കൽ ആക്സിൽ ഫ്ളോ പമ്പ് സെറ്റ്
* 50 കുതിരശക്തി, വില 30 ലക്ഷം
* വേഗത്തിൽ വെള്ളം പുറത്തേക്ക് ഒഴുക്കാനാകും
* സെക്കൻഡിൽ 570- 600 ലിറ്റർ വെള്ളം പുറംതള്ളാനാകും
* വൈദ്യുതി ഉപയോഗം പകുതിയാകും
* സ്ഥാപിക്കുന്നത് പുറംബണ്ടിന് മുകളിൽ
* മടവീഴ്ചയും ജലനിരപ്പ് ഉയരുന്നതും പമ്പിംഗ് മുടക്കില്ല
* മൂന്ന് വർഷത്തെ പരിപാലന ചുമതല കരാർ കമ്പനിക്ക്
# പെട്ടിത്തറ
* 50 കുതിരശക്തിയുള്ള പമ്പ് സെറ്റിന് വില 6 ലക്ഷം
* വേഗം കുറവ്
* സെക്കൻഡിൽ 250- 300ലിറ്റർ വെള്ളം പുറംതള്ളും
* വൈദ്യുതി ഉപയോഗം കൂടുതൽ
* പുറം തോടുകളിൽ ജലനിരപ്പ് ഉയർന്നാൽ പമ്പിംഗ് തടസപ്പെടും
* പുറംബണ്ടുകൾക്ക് ബലക്ഷയ സാദ്ധ്യതയേറെ
.......................
മുഴുവൻ പാടശേഖരങ്ങളിലും വെർട്ടിക്കൽ ആക്സിൽ ഫ്ളോ പമ്പ് സെറ്റ് സ്ഥാപിക്കാൻ സ്ഥിരം മോട്ടോർ തറ നിർമ്മിക്കുന്നതിന് ത്രിതല പഞ്ചായത്തുകളുടെ വാർഷിക പദ്ധതിയിൽപ്പെടുത്തി തുക ചെലവഴിക്കണം
ബേബി പാറക്കാടൻ, സംസ്ഥാന പ്രസിഡന്റ്, നെൽ-നാളികേര കർഷക ഫെഡറേഷൻ
..........................
മുഴുവൻ പാടശേഖരങ്ങളിലും വെർട്ടിക്കൽ ആക്സിൽ ഫ്ളോ പമ്പ് സെറ്റ് അഞ്ചുവർഷത്തിനുള്ളിൽ സ്ഥാപിക്കാൻ പദ്ധതി സമർപ്പിച്ചു. കൃഷി വകുപ്പ്, കുട്ടനാട് പാക്കേജ്, ജലസേചന വകുപ്പ്, പഞ്ചായത്ത് വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്
സിബി, പ്രിൻസിപ്പൽ കൃഷി ഓഫീസർ, ആലപ്പുഴ
...........................
വെർട്ടിക്കൽ ആക്സിൽ ഫ്ളോ പമ്പ് സെറ്റ് സ്ഥാപിക്കുന്നതിലൂടെ വൈദ്യുതി ഉപയോഗവും മടവീഴ്ചയും കുറയ്ക്കാനാവും. പുതിയ പമ്പ്സെറ്റ് സ്ഥാപിക്കുന്നതിൽ കർഷകർക്ക് ആശങ്ക വേണ്ട
ഷൈനി, എൻജിനീയർ, അഗ്രിക്കൾച്ചർ വിഭാഗം