ആലപ്പുഴ : നഗരത്തിലെ വഴിയോര കച്ചവടക്കാർക്കെതിരെ നഗരസഭ നടപടി ശക്തമാക്കിയതോടെ പ്രതിഷേധ സ്വരവും ഉയർന്നു തുടങ്ങി. കാൽനടയാത്ര ബുദ്ധിമുട്ടിലാക്കുന്ന തരത്തിൽ, തിരക്കേറിയ മുല്ലയ്ക്കൽ തെരുവിൽ പോലും വഴിവാണിഭം വ്യാപകമായതോടെയാണ് നഗരസഭയുടെ നേതൃത്വത്തിൽ ഒഴിപ്പിക്കൽ നടപടികൾക്ക് കഴിഞ്ഞ ദിവസങ്ങളിൽ തുടക്കമിട്ടത്.

എന്നാൽ, ഒഴിപ്പിക്കലിനെ വ്യാപാരികളിൽ ഒരു വിഭാഗം അനുകൂലിക്കുമ്പോൾ മറുവിഭാഗം ശക്തമായ പ്രതിഷേധം ഉയർത്തുകയാണ്.

സീറോ ജംഗ്ഷൻ മുതൽ ജില്ലാ കോടതി ജംഗ്ഷൻ വരെയുള്ള, അംഗീകാരമില്ലാത്ത കച്ചവടക്കാരെയും ബഹുനില കച്ചവട സമുച്ചയങ്ങളുടെ പാർക്കിംഗ് സ്ഥലത്ത് കച്ചവടം നടത്തിയവരെയുമാണ് ഇപ്പോൾ ഒഴിപ്പിക്കുന്നത്. അടുത്ത ഘട്ടത്തിൽ തങ്ങളുടെ നേർക്ക് ഒഴിപ്പിക്കൽ നടപടിയെത്തുമോയെന്ന ആശങ്കയിലാണ് മറ്റിടങ്ങളിലുള്ള വഴിയോര കച്ചവടക്കാർ. ഇവരിൽ പ്രധാനമാണ് സീറോ ജംഗ്ഷന് പടിഞ്ഞാറ് ഭാഗത്ത് പതിറ്റാണ്ടുകളായി കുട, ബാഗ് റിപ്പയർ ജോലികൾ ചെയ്യുന്ന കുടുംബങ്ങൾ. ഇവർക്ക് കച്ചവടത്തിനുള്ള അനുമതി വർഷങ്ങൾക്ക് മുമ്പ് നൽകിയിരുന്നു. എന്നാൽ, കാലം പിന്നിട്ടപ്പോൾ പുതിയ കച്ചവടക്കാരും ഇവിടെ സ്ഥലം പിടിച്ചിട്ടുണ്ട്. കൊട്ടാരപ്പാലം മുതൽ ചന്ദനക്കാവ് വരെയുള്ള ഭാഗത്തും വഴിയോര കച്ചവടക്കാരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു.

ആശങ്കയൊഴിയാതെ

വർഷങ്ങളായി ജോലിയെടുക്കുന്ന തട്ട് ഒഴിഞ്ഞുകൊടുക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് മുല്ലയ്ക്കലിൽ കുട നന്നാക്കുന്ന മുരുകനും കുടുംബവും. പാരമ്പര്യമായി ഇവിടെ പ്രവർത്തിക്കുന്നവരാണ് മുരുകനും സഹോദരങ്ങളും. ഒഴിഞ്ഞുകൊടുക്കണമെന്ന് നേരിട്ട് അറിയിപ്പ് ലഭിച്ചിട്ടില്ലെങ്കിലും, കടകൾ ഒഴിയണമെന്ന അനൗൺസ്മെന്റ് കേൾക്കുമ്പോൾ വല്ലാത്ത ഭീതി തോന്നുന്നതായി മുരുകൻ പറയുന്നു.

വഴിയോര കച്ചവടക്കാർക്ക് ചിട്ടയോടെ കച്ചവടം നടത്താനുള്ള സൗകര്യം നഗരസഭ ഒരുക്കണം.കൂടിയ വാടക നൽകാൻ നിവൃത്തിയില്ലാത്തവർക്കും കച്ചവടം നടത്താൻ സൗകര്യം ഒരുക്കണം

- ഹക്കീം ആലപ്പുഴ

സാധാരണക്കാരായ ഉപഭോക്താക്കളാണ് തെരുവു കച്ചവടക്കാരെ കൂടുതലായി ആശ്രയിക്കുന്നത്. ഓണം വരെ ഇ.എം.എസ് സ്റ്റേഡിയത്തിൽ ചെറിയ വാടകയ്ക്ക് കച്ചവടം ചെയ്യാൻ അനുവാദം നൽകണം

- ദിലീപ്.എസ്

കച്ചവടക്കാർക്ക് പ്രത്യേക സ്ഥലം അനുവദിച്ച് ശാശ്വത പരിഹാരം കാണണം. അനധികൃത കച്ചവടക്കാരെ ഒഴിപ്പിച്ചാൽ മാത്രമേ റോഡിൽ ആവശ്യത്തിന് സ്ഥലം ലഭിക്കൂ. നടപടിക്ക് തുടർച്ചയുണ്ടായില്ലെങ്കിൽ ഒഴിപ്പിക്കപ്പെട്ടവർ ദിവസങ്ങൾക്കുള്ളിൽ തിരികെയെത്തും

- എബി ആന്റണി