
സ്റ്റോർ ജംഗ്ഷൻ ബസ് സ്റ്റാൻഡിലെ കുടിവെള്ള സംവിധാനം കെട്ടിയടച്ചു
മാന്നാർ: സ്റ്റോർ ജംഗ്‌ഷനിലെ ബസ് സ്റ്റാൻഡിൽ പൊതു ജനങ്ങൾക്കായി സ്ഥാപിച്ച കുടിവെള്ള സംവിധാനത്തെ പടിക്കു പുറത്താക്കി മാന്നാർ സബ്ട്രഷറിയുടെ മതിൽ നിർമ്മാണം. ബസ് സ്റ്റാൻഡിനുള്ളിൽത്തന്നെ സബ് ട്രഷറിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കവേയാണ് കുടിവെള്ള സംവിധാനം മതിൽക്കെട്ടിനു പുറത്തായത്. പഞ്ചായത്ത് നൽകിയതിലും അധികം സ്ഥലംകയ്യേറിയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും ആരോപണമുണ്ട്.
ഒന്നരപ്പതിറ്റാണ്ടായി കുറ്റിയിൽ ജംഗ്‌ഷനിൽ നായർസമാജം കെട്ടിടത്തിന്റെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന സബ്ട്രഷറിയിൽ പെൻഷൻ വാങ്ങാനെത്തുന്ന ആയിരത്തിലധികം ആളുകളുടെ യാതനകൾക്ക് പരിഹാരമായി ട്രഷറിക്ക് സ്വന്തം കെട്ടിടം വേണമെന്ന ആവശ്യത്തെ തുടർന്ന് പഞ്ചായത്ത് വിട്ടു നൽകിയ സ്ഥലത്താണ് നിർമ്മാണം നടന്നുവരുന്നത്. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, വൃദ്ധസദനം, ഓപ്പൺ ആഡിറ്റോറിയം, ശൗചാലയം, സ്ത്രീകൾക്കുള്ള വിശ്രമകേന്ദ്രം, കാർഷിക വിപണനകേന്ദ്രം തുടങ്ങിയവയുടെ പരിസരത്താണ് ട്രഷറിക്കായി മാന്നാർ പഞ്ചായത്ത് എട്ടര സെന്റ് സ്ഥലം നൽകിയത്. ഇൻകലിനാണ് നിർമാണച്ചുമതല.
നിർമ്മാണം പുരോഗമിക്കുന്ന ട്രഷറിയുടെ വടക്കു ഭാഗത്തായി വിശ്രമ കേന്ദ്രം, ശൗചാലയം എന്നിവയ്ക്കു സമീപത്തെ നാല് ടാപ്പുകൾ ഉൾപ്പെടുന്ന കുടിവെള്ള സംവിധാനത്തിലേക്കുള്ള പടവുകൾക്കു മുന്നിലൂടെയാണ് മതിൽ നിർമ്മിച്ചിരിക്കുന്നത്. 2019ൽ വെള്ളപ്പൊക്ക അതിജീവനത്തിന്റെ ഭാഗമായി ഇസ്‌ലാമിക് റിലീഫ് നിർമ്മിച്ച് നൽകിയ കുടിവെള്ള സംവിധാനമാണിത്. ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള ടാപ്പിൽനിന്നു കുടിവെള്ളം ശേഖരിക്കാൻ കയറിപ്പോകാനുള്ള പടവുകൾ അടച്ചുകെട്ടിയാണ് മതിൽ നിർമ്മാണം. ഒരു വശം തുറന്ന് കിടപ്പുണ്ടെങ്കിലും അവിടെ പടവുകളില്ലാത്തത് ബുദ്ധിമുട്ടാണ്. വിശ്രമകേന്ദ്രവും ശൗചാലയങ്ങളും തുറന്നു കൊടുക്കാത്തതിനാൽ കുടിവെള്ള സംവിധാനവും ഉപയോഗ ശൂന്യമായ അവസ്ഥയാണ്. ഇവ തുറക്കാൻ പഞ്ചായത്ത് നടപടി കൈക്കൊള്ളുന്നതിനിടെയാണ് മതിൽകെട്ടൽ വിവാദമായത്.
......................
സബ്ട്രഷറിക്കായി നിർമ്മിച്ച കെട്ടിടത്തിന്റെ മുന്നിലും തെക്കുഭാഗത്തും കൂടുതൽ സ്ഥലം കൈയേറിയിട്ടുണ്ട്. കൈയേറ്റവും കുടിവെള്ളസംവിധാനം മതിൽകെട്ടിയടച്ചതും മാന്നാർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
മുഹമ്മദ് അജിത്, ഗ്രാമപഞ്ചായത്തംഗം