ചാരുംമൂട് : ചാരുംമൂട് ജംഗ്ഷന് പടിഞ്ഞാറ് മരത്തിൽ ചേക്കേറിയ കൊറ്റിക്കൂട്ടത്തിന്റെ വിസർജ്യം പ്രദേശത്തെ കച്ചവടക്കാരെയും യാത്രക്കാരെയും ദുരിതത്തിലാക്കി. സെന്റ് മേരീസ് എൽ.പി സ്കൂളിനും ബസ് സ്റ്റാൻഡിനും സമീപമുള്ള മരത്തിലാണ് നൂറുകണക്കിന് കൊറ്റികൾ തമ്പടിച്ചിട്ടുള്ളത്. ഇവയുടെ കാഷ്ഠം വസ്ത്രങ്ങളിൽ വീഴുമോയെന്ന് ഭയന്നാണ് യാത്രക്കാർ ഇതുവഴി സഞ്ചരിക്കുന്നത്. സ്കൂളിലെ വിദ്യാർത്ഥികളും ഏറെ ബുദ്ധിമുട്ടുന്നു.
മുൻവർഷങ്ങളിലും സീസണിൽ കൊറ്റികൾ ഇവിടെ എത്തിയിരുന്നെങ്കിലും ഇത്തവണ ഇവയുടെ എണ്ണം വളരെ കൂടുതലായതാണ് ദുരിതം ഇരട്ടിപ്പിച്ചത്. നൂറനാട് ,പാലമേൽ,ചുനക്കര പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന പുഞ്ചകളിലെ മത്സ്യസമൃദ്ധിയാണ് കൊറ്റികളെ ചാരുംമൂട് പ്രദേശത്തേക്ക് ആകർഷിക്കുന്നത്. കാഷ്ഠം വീണുകിടന്ന് ദുർഗന്ധം വമിക്കുന്നതിനാൽ സമീപത്തെ ബസ് സ്റ്റോപ്പിലേക്കും വെയിറ്റിംഗ് ഷെഡിലേക്കും യാത്രക്കാർ എത്താതായി. കൊറ്റികൾ തമ്പടിച്ച മരങ്ങൾക്ക് സമീപമുള്ള കച്ചവട സ്ഥാപനങ്ങളിലേക്കും ആരുമെത്താത്ത സ്ഥിതിയാണ്. ഇവിടെയുള്ള കടമുറികൾ വാടകയ്ക്ക് പോകുന്നില്ലെന്നും ഉടമകൾ പറയുന്നു.
കായംകുളം ഭാഗത്തേക്കുള്ള യാത്രക്കാർക്കുള്ള വെയിറ്റിംഗ് ഷെഡും പരിസരവും കൊറ്റികളുടെ വിസർജ്യം കാരണം മലിനമാണ്. ഇവിടെ യാത്രക്കാർ നിൽക്കാത്തതിനാൽ കിഴക്കോട്ടുമാറ്റിയാണ് ആളുകളെ കയറ്റിയിറക്കാനായി ബസുകൾ നിറുത്തുന്നത്. ഇങ്ങനെ നിർത്തുമ്പോൾ ബസിനും വലതുവശത്തെ ഡിവൈഡറിനും ഇടയിൽ റോഡിൽ സ്ഥലമില്ലാതെ വരുന്നതിനാൽ ഗതാഗതക്കുരുക്കും അപകടവും വർദ്ധിച്ചു
- അജു കല്ലുമല,
പൊതുപ്രവർത്തകൻ
ചാരുംമൂട് സെന്റ് മേരീസ് എൽ.പി സ്കൂളിന്റെ പ്രവേശന കവാടത്തിനോട് ചേർന്നാണ് കൊറ്റികൾ വസിക്കുന്ന മരം. സ്കൂളിലേക്ക് നടന്നു വരുന്ന കുട്ടികളുടെ ദേഹത്ത് ഇവയുടെ വിസർജ്യം വീഴുന്നത് പതിവാണ്. അസഹ്യമായ ദുർഗന്ധം കാരണം കുട്ടികൾക്ക് ശാരീരിക ബുദ്ധിമുട്ടും ഉണ്ടാകുന്നു. മരത്തിന്റെ ചില്ലകൾ മുറിച്ചു നീക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയെങ്കിലും നടപടി ഒന്നുമുണ്ടായില്ല
-ഡെയ്സി മോൾ, ഹെഡ്മിസ്ട്രസ്