ചേർത്തല: സ്‌കൂൾ തുറന്ന് 50 ദിവസം പിന്നിട്ടിട്ടും, കുട്ടികൾക്ക് നൽകിയ ഉച്ചഭക്ഷണത്തിന് ഒരു രൂപ പോലും അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കെ.പി.എസ്.ടി.എ ചേർത്തല ഉപജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർത്തല എ.ഇ ഓഫീസ് പടിക്കൽ കുത്തിയിരിപ്പ് സമരം നടത്തി. ഭക്ഷ്യവസ്തുക്കളുടെ വില വർദ്ധിച്ചിട്ടും എട്ട് വർഷം മുമ്പുള്ള തുകയാണ് ഇപ്പോഴും ഉച്ചഭക്ഷണത്തിന് നൽകുന്നത്. രണ്ടു രണ്ടുമാസമായി ഇതും കൃത്യമായി വിതരണം ചെയ്യുന്നുമില്ല. സ്വന്തമായി തുക ചിലവഴിക്കുന്ന ഹെഡ്മാസ്റ്റർമാർ ഇതുമൂലം കടുത്ത സാമ്പത്തീക പ്രതിസന്ധിയിലാണെന്നും അസോ. ആരോപിച്ചു. സമരം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി.ബി.ജോസി ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് ഗിരീഷ് കമ്മത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജെ.യേശുദാസ് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ഇ.ആർ. ഉദയകുമാർ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന നിർവാഹക സമിതി അംഗം കെ.ഡി.അജിമോൻ,അക്കാഡമിക് സെൽ കോ-ഓർഡിനേറ്റർ വി.ശ്രീഹരി, ടി.കെ.മോഹനൻ, ബാബു രാമചന്ദ്രൻ, പ്രിയ ജേക്കബ്, ടി.പി ജോസഫ്, സാജു തോമസ്, ജോൺ കാവിൽ എന്നിവർ സംസാരിച്ചു.