മാന്നാർ: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ പ്രകൃതി സംരക്ഷണ ദിനത്തോടനുബന്ധിച്ച് തളിർക്കട്ടെ പുതു നാമ്പുകൾ പദ്ധതിയിൽ ചെന്നിത്തല മഹാത്മ ഹയർ സെക്കൻഡറി സ്കൂളിൽ വിത്തുരുള വിതയ്ക്കൽ നടന്നു. ഫലവൃക്ഷങ്ങളുടെ വിത്തുകളടങ്ങിയ 10 ലക്ഷം വിത്തുരുളകൾ ജൈവലോല പ്രദേശങ്ങളിൽ വിതച്ച് മുളപ്പിക്കുന്നതാണ് പദ്ധതി.
സ്കൂളിന് പിറകുവശത്തുള്ള കൈത്തോടിനു സമീപം ആദ്യത്തെ വിത്തുരുള വിതച്ച് ചെന്നിത്തല ഗ്രാമപഞ്ചായത്തംഗം ദീപ രാജൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ജി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ ഗോപി മോഹനൻ കണ്ണങ്കര, മാതൃസംഗമം ചെയർപേഴ്സൺ പ്രസന്നകുമാരി, പ്രിൻസിപ്പൽ വി. അശ്വതി, അദ്ധ്യാപിക ബി. ഗിരിജാദേവി, പ്രോഗ്രാം ഓഫീസർ ഗ്രീഷു ഉണ്ണിക്കൃഷ്ണൻ എന്നിവർ പങ്കെടുത്തു. നാൽപതിലധികം വോളണ്ടിയർമാർ വിത്തുരുള വിതയ്ക്കലിൽ പങ്കാളികളായി. നാനൂറോളം വിത്തുരുളകളാണ് പ്രദേശത്ത് വിതച്ചത്.