മാന്നാർ: തൃക്കുരട്ടി മഹാദേവ സമിതിയുടെ ആഭിമുഖ്യത്തിൽ 20ാമത് അഖിലകേരള രാമായണമേള ആഗസ്റ്റ് 7 മുതൽ 14 വരെ തൃക്കുരട്ടി മഹാദേവ ക്ഷേത്രാങ്കണത്തിൽ നടക്കും. 7ന് വൈകിട്ട് 5ന് പത്തനംതിട്ട കളക്ടർ ദിവ്യ എസ്.അയ്യർ രാമായണമേള ഉദ്ഘാടനം ചെയ്യും. തിരുവാഭരണ കമ്മിഷണർ ജി.ബൈജു അദ്ധ്യക്ഷത വഹിക്കും. 2020, 2021 വർഷങ്ങളിലെ രാമായണമേള വിജയികൾക്ക് തിരുവിതാംകൂർ ദേവസ്വംബോർഡ് ദേവസ്വം കമ്മിഷണർ ബി.എസ്. പ്രകാശ് സമ്മാനവിതരണം നടത്തും. കൊളത്തൂർ അദ്വൈതാശ്രമാധിപതി സ്വാമി ചിദാനന്ദപുരി, സതീഷ് ഒ.എസ് കൊടകര, രാജേഷ് നാദാപുരം, വേദാന്ത ആചാര്യൻ വിദ്യാസാഗർ ഗുരുമൂർത്തി, ശ്രുതി ശ്യാം പാലക്കാട്, ജി. പ്രിഥ്വിപാൽ എന്നിവരുടെ പ്രഭാഷണപരമ്പര തുടർദിവസങ്ങളിൽ നടക്കും. 13ന് രാവിലെ 8ന് രാമായണമേള മത്സരങ്ങളുടെ രജിസ്‌ട്രേഷൻ ആരംഭിക്കും. 13, 14 തീയതികളിൽ രാമായണത്തെ ആസ്പദമാക്കി സ്‌കൂൾകോളേജ്തല വിദ്യാർത്ഥികൾക്കായി വിവിധ മത്സരങ്ങൾ നടക്കും.

14ന് വൈകിട്ട് 4.30ന് നടക്കുന്ന സമാപനസമ്മേളനം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ അദ്ധ്യക്ഷത വഹിക്കും. രാമായണപുരസ്‌കാരം ഗായകനും സംഗീതജ്ഞനുമായ ഡോ.കെ.ജി. ജയന് (ജയവിജയൻ) പി.സി. വിഷ്ണുനാഥ് എം.എൽ.എ സമ്മാനിക്കും. ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കിയ വിദ്യാലയത്തിനുള്ള എവർറോളിംഗ് ട്രോഫി വിതരണം തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ നിർവഹിക്കും. മത്സരവിജയികൾക്ക് ദേവസ്വം ബോർഡംഗങ്ങളായ മനോജ് ചരളേൽ, പി.എം. തങ്കപ്പൻ, തിരുവിതാംകൂർ ദേവസ്വംബോർഡ് ചീഫ് എൻജിനീയർ കെ.അജിത് കുമാർ, ചലച്ചിത്ര നടനും സംവിധായകനുമായ എം.ബി. പത്മകുമാർ തുടങ്ങിയവർ സമ്മാനാദാനം നിർവഹിക്കും. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ സമ്മേളനത്തിൽ ആദരിക്കും. രാമായണ പ്രതിഭകൾക്കുള്ള സ്വർണ്ണനാണയ വിതരണം പുളിമൂട്ടിൽ പി.എ. ഗണപതി ആചാരി നിർവഹിക്കും.
രാമായണമേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ള വിദ്യാർത്ഥികൾ ആഗസ്റ്റ് 8ന് വൈകിട്ട് 5നകം സ്‌കൂൾ മേലാധികാരികളുടെ സാക്ഷ്യപത്രത്തോടുകൂടി പേര് രജിസ്റ്റർ ചെയ്യണമെന്ന് സേവാസമിതി ഭാരവാഹികൾ അറിയിച്ചു. ഫോൺ: 90611 75555, 8281543745, ഇ മെയിൽ: akhilakeralaramayanamela@gmail.com.