a
ചാക്കോ റോഡിലെ ക്രാഷ് ബാരിയർ നിർമ്മാണ സ്ഥലം എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ സന്ദർശിക്കുന്നു

മാവേലിക്കര: എം.എസ് അരുണ്‍കുമാര്‍ എം.എല്‍.എയുടെ നിര്‍ദേശപ്രകാരം പൊതുമരാമത്ത് വകുപ്പില്‍ നിന്നു 15 ലക്ഷം ചെലവഴിച്ച് കുന്നം ചാക്കോപ്പാടം റോഡില്‍ ക്രാഷ് ബാരിയര്‍ സ്ഥാപിച്ചു. നിരന്തരം അപകടങ്ങള്‍ ഉണ്ടാകുന്ന ഇവി​ടെ ക്രാഷ് ബാരിയര്‍ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്‌.ഐ തഴക്കര മേഖലാ കമ്മിറ്റി എം.എല്‍.എയ്ക്ക് നിവേദനം നല്‍കിയിരുന്നു. റോഡിന്റെ വടക്ക് ഭാഗത്തായി 330 മീറ്റര്‍ നീളത്തിലാണ് ബാരിയര്‍ സ്ഥാപിച്ചത്.
കുന്നം ജംഗ്ഷനില്‍ നിന്നു കിഴക്കോട്ട് ഓക്‌സിജന്‍ ഫാക്ടറി കഴിഞ്ഞ് മൂന്നൂറു മീറ്ററോളം ദൂരത്തില്‍ റോഡിന് ഇരുവശവുമായാണ് പാടം. ജനവാസം തീരെയില്ലാത്ത ഈ ഭാഗത്ത് മാലിന്യം തള്ളല്‍ രൂക്ഷമായപ്പോള്‍ ഡി.വൈ.എഫ്‌.ഐ ഇടപെട്ട് ഇവിടം മാലിന്യമുക്തമാക്കി. മേഖലാ കമ്മിറ്റിയുടെ തന്നെ നിവേദനത്തെ തുടര്‍ന്ന് തഴക്കര പഞ്ചായത്തിലെ കഴിഞ്ഞ ഇടത് ഭരണസമിതി അനുവദിച്ച 4 ലക്ഷം രൂപ വിനിയോഗിച്ച് റോഡിന്റെ തെക്കുവശം 150 മീറ്റര്‍ ഇന്റര്‍ ലോക്ക് ചെയ്തിരുന്നു. നിര്‍മ്മാണ സ്ഥലം എം.എൽ.എ സന്ദര്‍ശിച്ചു. ഗോകുല്‍ രംഗന്‍, എസ്.അതുല്‍, വി.മാത്തുണ്ണി, ആര്‍.സുനില്‍കുമാര്‍, ഗോപി മോഹന്‍ എന്നിവര്‍ എം.എല്‍.എയ്ക്കൊപ്പമുണ്ടായിരുന്നു.