
ആലപ്പുഴ : കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ നഗരസഭയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഞാറ്റുവേല ചന്തയും വിവിധ ഇനം നെൽവിത്തുകളുടെ പ്രദർശനവും ശ്രദ്ധേയമായി. ഇന്നലെ രാവിലെ മുതൽ ആലപ്പുഴ മുനിസിപ്പൽ ടൗൺഹാളിൽ നടന്ന പരിപാടിയിൽ കർഷകരുടെ ഉത്പന്നങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു. ഓണത്തിന് മുന്നോടിയായി ചിങ്ങം ഒന്നു മുതൽ വിവിധ പരിപാടികൾ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കൃഷിവകുപ്പ്.
മങ്കൊമ്പ് കാർഷിക ഗവേഷണകേന്ദ്രം തയ്യാറാക്കിയ വിവിധയിനം നെൽവിത്തുകൾ പ്രത്യേക ശ്രദ്ധയാകർഷിച്ചു. പരമ്പരാഗത ഇനങ്ങൾ ഉൾപ്പടെ 50ഓളം നെൽവിത്തുകളാണ് പ്രദർശനത്തിലൊരുക്കിയിരുന്നത്. കാർഷിക ഗവേഷണ കേന്ദ്രം തയാറാക്കിയ ഫലവർഗങ്ങളുടെ സ്ക്വാഷ്, ചകിരിച്ചോറ് കമ്പോസ്റ്റ്, ജൈവ കുമിൾ നാശിനികൾ തുടങ്ങിയവയും വിൽപ്പനയ്ക്കെത്തിച്ചിരുന്നു. മണ്ണഞ്ചേരി കർമ്മസേന മുളപ്പിച്ച നൂറുകണക്കിന് പച്ചക്കറി - പൂ വിത്തുകൾ, മഞ്ഞൾ, തെങ്ങിൻ തൈകൾ മുതലായവയും ഉണ്ടായിരുന്നു.
ഞാറ്റുവേല ചന്തയിൽ പ്രദർശിപ്പിച്ച
പരമ്പരാഗത നെൽവിത്തുകൾ
പൊൻകുറവ
രാജമേനി
കൊടുങ്കണ്ണി
വടക്കൻ വെള്ളരികൈമ
രക്തശാലി
കവുങ്ങിൻകൂട്ടോല
നൂറ് വെള്ള
മട്ടചെമ്പാവ്
കല്യാണിക്കുട്ടി
ചെറിയ ആര്യൻ
തവളക്കണ്ണൻ
ഞവരമൂഞ്ഞ
കാലാജീര
കരിനെല്ല്
നെയ്ചീര
ലക്ഷ്യം
പരമ്പരാഗത വിത്തിനങ്ങൾ ഉൾപ്പടെ പരിചയപ്പെടുത്തി കൂടുതൽപ്പേരെ കൃഷിയിലേക്ക് ആകർഷിക്കുക,
കർഷകർക്ക് ഉത്പന്നങ്ങൾ വിറ്റഴിക്കാൻ വേദിയും പ്രചോദനവും നൽകുക എന്നതാണ് ഞാറ്റുവേല ചന്തയുടെ ലക്ഷ്യം.
എല്ലാവരെയും കൃഷിയിലേക്ക് തിരികെകൊണ്ടുവന്ന് കാർഷിക സംസ്ക്കാരം വളർത്തിയെടുക്കുകയാണ് ലക്ഷ്യം. ഓണത്തിന് പച്ചക്കറികൾ ഉത്പാദിപ്പിക്കാനുള്ള തൈകളും വിത്തുകളും ആവശ്യക്കാർക്ക് എത്തിച്ചു നൽകും. കൃഷിയിടം ഒരുക്കാനുള്ള സഹായം നൽകാൻ നഗരസഭ തയ്യാറാണ്
- സൗമ്യ രാജ്, നഗരസഭാദ്ധ്യക്ഷ