
ആലപ്പുഴ : ശ്രീറാം വെങ്കിട്ടരാമനെ കളക്ടറായി നിയമിക്കുന്നെന്ന വിവരം പുറത്തുവന്നത് മുതൽ പൊതുജനങ്ങളുടെ വിമർശന കമന്റുകൾ കൊണ്ട് നിറഞ്ഞ് ഏഴ് ദിവസം മുമ്പ് പൂട്ടിയ ആലപ്പുഴ ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ കമന്റ് ബോക്സ് ഇന്നലെയും തുറന്നില്ല. ശ്രീറാമിന്റെ ഭാര്യയായ ഡോ.രേണുരാജായിരുന്നു ആലപ്പുഴ കളക്ടർ. രേണുരാജ് മാറി ശ്രീറാം ചുമതലയേറ്റ് ഒരു ദിവസം പിന്നിട്ട ശേഷമാണ് ഫേസ് ബുക്ക് പേജിലെ മുഖചിത്രം മാറ്റിയത് . കമന്റ് ബോക്സിന് പൂട്ടിട്ടതോടെ അയ്യായിരത്തിലധികം പേർ ദേഷ്യപ്പെടുന്ന ഇമോജിയിൽ പ്രതിഷേധം രേഖപ്പെടുത്തി. ഇടയ്ക്ക് രണ്ട് തവണ കമന്റ് ബോക്സ് തുറന്നപ്പോൾ വീണ്ടും വിമർശനങ്ങളും ട്രോളുകളും നിറഞ്ഞതോടെയാണ് വീണ്ടും പൂട്ടിട്ടത്.