# 5 ശതമാനം കേന്ദ്ര ജി.എസ്.ടി ഈടാക്കില്ലന്ന വാഗ്ദാനം വെറുതെയായി
ആലപ്പുഴ: കേന്ദ്രം പ്രഖ്യാപിച്ച 5 ശതമാനം ജി.എസ്.ടി ഈടാക്കില്ലെന്ന സംസ്ഥാന സർക്കാരിന്റെ വാഗ്ദാനം വിശ്വസിച്ച് സപ്ലൈകോ വില്പന കേന്ദ്രങ്ങളിൽ എത്തിയവർക്ക് കൈപൊള്ളി. പായ്ക്ക് ചെയ്ത, സബ്സിഡിയില്ലാത്ത ധാന്യവർഗങ്ങൾക്ക് സപ്ലൈകോ സ്റ്റോറുകളിൽ അഞ്ച് ശതമാനം ജി.എസ്.ടി ഈടാക്കുന്നുണ്ട്. ജി.എസ്.ടി കൗൺസിൽ വ്യക്തമായ തീരുമാനം എടുത്താൽ മാത്രമേ ഈ നികുതി ഒഴിവാക്കാനാകൂ എന്നാണ് നിലവിൽ അധികൃതരുടെ നിലപാട്.
വെളിച്ചെണ്ണ ഉൾപ്പെടെ 13 ഇനങ്ങൾക്കാണ് സപ്ലൈകോയിൽ സബ്സിഡിയുള്ളത്. സബ്സിഡിയില്ലാത്ത ധാന്യവർഗങ്ങളിൽ ഏത് വാങ്ങിയാലും കേന്ദ്ര ജി.എസ്.ടി ബാധകമാണ്. ഈ മാസം ആദ്യമാണ് ജി.എസ്.ടി ചുമത്തി ഇനങ്ങളുടെ വില വർദ്ധിപ്പിച്ചത്. ഉപഭോക്താക്കൾക്ക് നൽകുന്ന ബില്ലിലും ജി.എസ്.ടി ഇനത്തിലുള്ള കേന്ദ്ര വിഹിതവും, സംസ്ഥാന വിഹിതവും വ്യക്തമായി രേഖപ്പെടുത്തുന്നുണ്ട്.
# വെളിച്ചെണ്ണ വഴുതുന്നു
സപ്ലൈകോ ഷോപ്പുകളിൽ നിന്ന് സബ്സിഡി നിരക്കിൽ അര ലിറ്റർ വെളിച്ചെണ്ണ 46 രൂപയ്ക്കാണ് നൽകുന്നത്. പക്ഷേ, വിപണി വിലയിൽ വിൽക്കുന്ന അര ലിറ്റർ വെളിച്ചെണ്ണ കൂടി ഇതിനൊപ്പം വാങ്ങണമെന്നത് നിർബന്ധമാണെന്ന് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒഫ് കേരള കുറ്റപ്പെടുത്തുന്നു. കുറഞ്ഞത് 128 രൂപയെങ്കിലും ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് ചെലവാകും. കഴിഞ്ഞ മാസം സബ്സിഡി വെളിച്ചെണ്ണയ്ക്ക് ക്ഷാമം നേരിട്ടിരുന്നു. മറ്റ് സബ്സിഡി ഉത്പന്നങ്ങളും കിട്ടാനില്ലാത്ത അവസ്ഥയുണ്ടെന്ന് ഉപഭോക്താക്കൾ പരാതിപ്പെടുന്നു.
.........................
സപ്ലൈകോയിലെ ഉത്പന്നങ്ങൾക്ക് ജി.എസ്.ടി ബാധകമല്ലെന്ന് മന്ത്രി പറയുന്നത് വാർത്തയിൽ കണ്ടു. പക്ഷേ സാധനം വാങ്ങിയപ്പോൾ ബില്ലിൽ ജി.എസ്.ടി രേഖപ്പെടുത്തിയിരിക്കുന്നു
പ്രഭ, ഉപഭോക്താവ്
................
കൊവിഡും വിലക്കയറ്റവും മൂലം പൊറുതിമുട്ടിയിരിക്കുന്ന ഉപഭോക്താക്കളെ വീണ്ടും പിഴിയുകയാണ്.
സർക്കാർ നിലപാടിനെതിരേ ഫെഡറേഷൻ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കും
കുരുവിള മാത്യൂസ്, സംസ്ഥാന പ്രസിഡന്റ്, കൺസ്യൂമേഴ്സ് ഫെഡറേഷൻ ഒഫ് കേരള