
കായംകുളം : നിർമ്മാണം പൂർത്തീകരിച്ച് നാലു വർഷം തികയും മുമ്പേ പാലവും റോഡും തകർന്നതോടെ നാട്ടുകാർ ദുരിതത്തിൽ. കായംകുളം നഗരസഭയിലെ മുരിക്കുമൂട് - പുള്ളിക്കണക്ക് റോഡിലുള്ള പെരുമ്പളം പാലവും അപ്രോച്ച് റോഡുമാണ് നിമ്മാണത്തിലെ അപാകത മൂലം തകർന്നത്.
മലയൻകനാലിന് കുറുകെയുള്ള പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്.
റോഡിന്റെ കൽക്കെട്ടിന്റെ മുകൾഭാഗത്തെ കോൺക്രീറ്റാണ് ആദ്യം പൊട്ടിയത്. അന്ന് അധികൃതർക്ക് പരാതി നൽകിയെങ്കിലും ആരും തിരിഞ്ഞുനോക്കിയില്ലെന്ന് നാട്ടുകാർ പറയുന്നു. കായംകുളം ഭാഗത്തു നിന്നു വരുന്നവർക്ക് പുള്ളിക്കണക്ക് ഭാഗത്തേക്ക് പോകുന്നതിനുള്ള എളുപ്പവഴിയാണിത്. ദിവസവും ആയിരക്കിന് യാത്രക്കാരാണ് ഇതുവഴി സഞ്ചരിക്കുന്നത്.
പാലത്തെ അപേക്ഷിച്ച് അപ്രോച്ച് റോഡിന് വീതി കുറവായതിനാൽ വലിയ വാഹനങ്ങൾക്ക് ഇതു വഴി കടന്നുപോകാൻ സാധിക്കില്ല. പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിനൊപ്പം അപ്രോച്ച് റോഡ് വീതി കൂട്ടി നിർമ്മിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ചെലവ് 22 ലക്ഷം
നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് 2014 ലാണ് കെ.സി.വേണുഗോപാൽ എം.പിയുടെ മണഡലവികസന ഫണ്ടിൽ നിന്ന് 22ലക്ഷം രൂപ മുടക്കി പാലം നിർമ്മാണംആരംഭിച്ചത്. 2017 ൽ പാലത്തിന്റെ പണി പൂർത്തിയായി ഗതാഗതത്തിന് തുറന്ന് കൊടുത്തു.
ആയിരണക്കിന് യാത്രക്കാർ കടന്നു പോകുന്ന പ്രധാനപ്പെട്ട റോഡാണിത്. പാലവും അപ്രോച്ച് റോഡും തകന്നതിനാൽ ഇതു വഴിയുള്ള യാത്ര ദുരിതമായി മാറി
- രജിത്ത്,പ്രദേശ വാസി