a
ബുദ്ധ ജംഗ്ഷനിൽ സ്ഥാപിച്ചിരിക്കുന്ന സി.സി ക്യാമറ

മാവേലിക്കര : മാവേലിക്കര നഗരസഭയിലും തഴക്കരയിലും സ്ഥാപിച്ച നിരീക്ഷണ കാമറകൾ ആഗസ്റ്റ് 2ന് മിഴി തുറക്കും. നഗരസഭയിൽ 11 കേന്ദ്രങ്ങളിലായി 17 കാമറകളും തഴക്കരയിൽ 5 ഇടങ്ങളിലായി 6 കാമറകളുമാണ് സ്ഥാപിച്ചിട്ടുള്ളത്. ഇവ സ്ഥാപിച്ചിട്ട് നാളുകളായെങ്കിലും പ്രവർത്തന സജ്ജമാക്കാത്തതിൽ പ്രതിഷേധമുയർന്നിരുന്നു. കാമറകളുടെ സ്വിച്ച് ഓൺ 2ന് ഉച്ചക്ക് 2ന് മാവേലിക്കര പൊലീസ് സ്റ്റേഷനിൽ എം.എസ്.അരുൺകുമാർ എം.എൽ.എ നിർവഹിക്കും.

ആർ.രാജേഷ് എം.എൽ.എയുടെ 2018-19ലെ മണ്ഡലം ആസ്തി വികസന ഫണ്ട് വിനിയോഗിച്ചാണ് കാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്. 2020 ജനുവരി 10 ന് ഭരണാനുമതിയും ലഭിച്ചു. പി.ഡബ്ല്യു.ഡി ഇലക്ട്രോണിക്‌സ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ നിന്നുള്ള ടെൻഡർ നടപടികൾക്ക് ശേഷം കൊച്ചി കലൂരിലെ സേഫ്‌നെറ്റ് സിസ്റ്റംസ് ആൻഡ് സർവീസസിന് കരാർ നൽകിയെങ്കിലും കൊവിഡിനെ തുടർന്ന് പദ്ധതി നടത്തിപ്പ് നീണ്ടുപോയി. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. കാമറകൾ പ്രവർത്തിപ്പിക്കുന്നതിനുള്ള വൈദ്യുതി ലഭ്യമാക്കാൻ മാവേലിക്കര നഗരസഭ 79346 രൂപയും തഴക്കര പഞ്ചായത്ത് 60000 രൂപയും കെ.എസ്.ഇ.ബിയിൽ അടച്ചു.

മാവേലിക്കര നഗരസഭയിൽ

പുതിയകാവ് ജംഗ്ഷൻ, പ്രായിക്കര പാലം, മിച്ചൽ ജംഗ്ഷൻ, നഗരസഭാ ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി ജംഗ്ഷൻ, ബുദ്ധ ജംഗ്ഷൻ, കോടതി ജംഗ്ഷൻ, കല്ലുമല റെയിൽവേ ക്രോസ്, പുളിമൂട് പാലം, തട്ടാരമ്പലം, കരയാംവട്ടം

തഴക്കര ഗ്രാമപഞ്ചായത്തിൽ

പൈനുംമൂട്, ചാക്കോപാടം, കൊല്ലകടവ് പാലം, കൊച്ചാലുംമൂട്, മാങ്കാംകുഴി

കൺട്രോൾ റൂം

മാവേലിക്കര പൊലീസ് സ്റ്റേഷനാണ്കാമറ സംവിധാനത്തിന്റെ കൺട്രോൾ റൂം . ദൃശ്യങ്ങൾ നിരീക്ഷിക്കുന്നതിനും റെക്കാഡ് ചെയ്യുന്നതിനുമുള്ള സംവിധാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

പദ്ധതി ദീർഘനാൾ താമസിച്ചതോടെ അടിയന്തര ഇടപെടൽ നടത്തി. പ്രത്യേക യോഗം വിളിച്ചു ചേർത്ത് പ്രവർത്തനങ്ങൾ വിലയിരുത്തിയതോടെയാണ് പദ്ധതി പൂർത്തീകരിക്കാൻ കഴിഞ്ഞത്.

- എം.എസ് അരുൺകുമാർ എം.എൽ.എ

കാമറ സംവിധാനം വരുന്നത് ഏറ്റവും കൂടുതൽ ഗുണം ചെയ്യുന്നത് പൊലീസിനാണ്. അപകടങ്ങളിൽ കൃത്യമായി ഇടപെടൽ നടത്താനും കുറ്റകൃത്യങ്ങൾ തെളിയിക്കാനും ഗതാഗതക്കുരുക്ക് ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്റ്റേഷനിൽ ഇരുന്ന് നിയന്ത്രിക്കാനും കഴിയും.

- ശ്രീജിത്ത്, സ്റ്റേഷൻ ഹൗസ് ഓഫീസർ, മാവേലിക്കര