p

ആലപ്പുഴ: പ്രതി​ഷേധങ്ങൾക്കി​ടെ നെഹറുട്രോഫി​ വള്ളംകളി​യുടെ പ്രഥമ യോഗത്തി​ൽ കളക്ടർ ശ്രീരാം വെങ്കി​ട്ടരാമൻ പങ്കെടുത്തു. കോൺ​ഗ്രസും മുസ്ളിംലീഗും യോഗം ബഹി​ഷ്‌കരി​ച്ചി​രുന്നു. നെഹറുട്രോഫി​ ബോട്ട് റേസ് സൊസൈറ്റി​യുടെ (എൻ.ടി​.ബി​.ആർ‌) ചെയർമാൻ കൂടിയായ കളക്ടർ യോഗം തുടങ്ങി​ ഏറെനേരം കഴിഞ്ഞാണ് എത്തി​യത്. യോഗം തുടങ്ങിയിട്ടും കളക്ടർ വരാതിരുന്നതോടെ പ്രതിഷേധങ്ങളെ തുടർന്ന് അദ്ദേഹം വിട്ടുനിൽക്കുകയാണെന്ന വാർത്തയും പ്രചരി​ച്ചു.

കളക്ടറായി ചുമതലയേറ്റശേഷം ശ്രീറാമിന്റെ ജില്ലയിലെ ആദ്യ പൊതുയോഗമാണ് ഇന്നലെ നടന്നത്. എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ്, എൻ.ടി.ബി.ആർ സൊസൈറ്റി സെക്രട്ടറി സബ് കളക്ടർ സൂരജ് ഷാജി, എ.ഡി.എം എസ്. സന്തോഷ് കുമാർ, കമ്മിറ്റിയംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

നെഹ‌റുട്രോഫിയുടെ പ്രാധാന്യം നഷ്ടപ്പെടാതിരിക്കാൻ എൻ.ടി.ബി.ആർ സൊസൈറ്റിക്ക് പൂർണ അധികാരം നൽകണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ 31ന് തിരുവനന്തപുരത്ത് യോഗം ചേരും. ആഗസ്റ്റ് രണ്ടിന് ആലപ്പുഴയിൽ തുടർയോഗവും, ആറിന് നെഹ്‌റുട്രോഫി എക്‌സിക്യുട്ടീവ് യോഗവും നടക്കും.