
ചേർത്തല: ആൺ-പെൺ വേർതിരിവ് തോന്നാത്ത വിധമുള്ള യൂണിഫോം ധരിച്ചെത്തിയ വിദ്യാർത്ഥികൾ കലവൂർ ഗവ. എച്ച്.എസ്.എസിന് ജില്ലയിലെ ആദ്യ 'ജെൻഡർ ന്യൂട്രൽ യൂണിഫോം' സ്കൂളെന്ന പദവി നേടിക്കൊടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരിയാണ് സ്‌കൂളിനെ ജെൻഡർ ന്യൂട്രൽ സ്‌കൂളായി പ്രഖ്യാപിച്ചത്. കഴിഞ്ഞ അദ്ധ്യയന വർഷം ഹയർ സെക്കൻഡറി വിഭാഗത്തിലെ കുട്ടികൾക്ക് ഈ യൂണിഫോം ഏർപ്പെടുത്തിയിരുന്നു. പുതിയ അദ്ധ്യയന വർഷത്തിൽ സ്കൂളിലെ യു.പി, ഹൈസ്‌കൂൾ ഉൾപ്പെടെ 1570 കുട്ടികൾക്കും ജെൻഡർ ന്യൂട്രൽ യൂണിഫോം നിർബന്ധമാക്കി. പാന്റും ഷർട്ടുമാണ് യൂണിഫോം. ജനപ്രതിനിധികൾ പൂക്കൾ നൽകിയാണ് കുട്ടികളെ സ്വീകരിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ആർ.റിയാസ്, ജനപ്രതിനിധികളായ എം.എസ്.സന്തോഷ്, തിലകമ്മ വാസുദേവൻ, പ്രിൻസിപ്പൽ ദീപ്തി, ഹെഡ്മിസ്ട്രസ് ഗീത, പി.ടി.എ പ്രസിഡന്റ് വി.വി.മോഹൻദാസ് എന്നിവരാണ് കുട്ടികളെ സ്വീകരിച്ചത്. സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസമേഖലയിലും കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാകുന്നതിന്റെ പുതിയ തുടക്കമാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം പദ്ധതിയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ചുമതലയിലുള്ള സ്‌കൂളുകളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കാൻ ജില്ലാ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചെന്നും പ്രസിഡന്റ് പറഞ്ഞു. യൂണിഫോം ഏകീകരണത്തിൽ സ്‌കൂൾ വിദ്യാർത്ഥികളും പി.ടി.എയും അദ്ധ്യാപകരും ഒറ്റക്കെട്ടായാണ് തീരുമാനം എടുത്തതെന്ന് അഡ്വ.ആർ.റിയാസ് പറഞ്ഞു.