
ചാരുംമൂട് : വീടിനു മുന്നിൽ തളിർക്കുന്ന വെറ്റിലക്കൊടികളിലൂടെ വിജയം കൊയ്യുകയാണ് റിട്ട.ഹവിൽദാറായ പേരൂർകാരാഴ്മ പീയൂഷ് ഭവനത്തിൽ ബി.പീതാംബരൻ. വർഷങ്ങളായി വെറ്റില കൃഷി നടത്തുന്ന പീതാംബരൻ 2010 മുതലാണ് വീടിന് സമീപത്തേക്ക് കൃഷി മാറ്റിയത്. അതിന് മുമ്പ് നിലത്തിലായിരുന്നു കൃഷി. ഓണാട്ടുകരയിൽ സാധാരണ നിലങ്ങളിലാണ് വെറ്റില കൂടുതലായി കൃഷി ചെയ്യുന്നത്. എന്നാൽ, ഈ കൃഷിയിൽ വെറ്റിലക്കൊടികളുടെ ആയുസ് അധിക നാൾ നീളില്ല. രണ്ടോ മൂന്നോ വർഷം കഴിയുമ്പോൾ വെള്ളം കയറി നശിക്കും. ഇതിനു പരിഹാരമായാണ് പീതാംബരൻ വീടിന് മുന്നിലെ പുരയിടത്തിലേക്ക് കൃഷി മാറ്റിയത്. ആദ്യമൊക്കെ ആശങ്കയുണ്ടായിരുന്നെങ്കിലും കഴിഞ്ഞ 12വർഷത്തെ മികച്ച വരുമാനത്തിലൂടെ അതെല്ലാം അകന്നു.
വെള്ളത്തിന്റെ ലഭ്യതയാണ് വെറ്റില കൃഷിയിൽ പ്രധാനം. വീട് കനാലിനോടടുത്തായതിനാൽ വേനൽക്കാലത്തും വെള്ളത്തിന് ബുദ്ധിമുട്ടുണ്ടാകാറില്ല. പിന്നെ മികച്ച സംരക്ഷണവും പീതാംബരൻ ഉറപ്പാക്കും.ജൈവവളം മാത്രമേ ഉപയോഗിക്കുകയുള്ളൂ. ആവശ്യക്കാർ പീതാംബരന്റെ വീട്ടിലെത്തി വെറ്റില വാങ്ങിപ്പോകാറുണ്ട്. നടാനായി കൊടിത്തല കൊടുക്കുന്നതും നല്ലൊരു വരുമാനമാർഗമാണ്. പ്രദേശത്ത് പത്തിലധികം പേരെ വെറ്റിലയുടെ കരകൃഷിയിലേക്ക് കൊണ്ടുവരാനും അവർക്ക് പരിശീലനം കൊടുക്കാനും കഴിഞ്ഞതിൽ ചാരുതാർത്ഥ്യമുണ്ടെന്ന് പീതാംബരൻ പറയുന്നു.