
ആലപ്പുഴ: ഊർജ്ജ സുരക്ഷ രാജ്യത്തിന്റെ ഭാവി സുസ്ഥിരതയ്ക്ക് പ്രധാനമാണെന്നും വൈദ്യുതി ഉത്പാദനം കൂട്ടുന്നതിനൊപ്പം
ഊർജ്ജ നഷ്‌ടമുണ്ടാകുന്നില്ലെന്ന് ഓരോ പൗരനും ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എൻ.ടി.പി.സിയുടെ കായംകുളത്തെ 92 മെഗാവാട്ട് ഫ്ളോട്ടിംഗ് സോളാർ വൈദ്യുതി പദ്ധതി വീഡിയോ കോൺഫറൻസിലൂടെ രാജ്യത്തിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത ഊർജ സ്രോതസുകളിൽ നിന്ന് വഴിമാറി ഹരിത ഊർജ്ജ വിപ്ലവത്തിലേക്ക് രാജ്യം കടക്കുകയാണ്. രാജ്യത്തെ മുഴുവൻ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കാനുള്ള പരിശ്രമത്തിലാണ് സർക്കാർ. വെള്ളവും വൈദ്യുതിയും ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണവകുപ്പുമായി ചേർന്ന് വിവിധ പദ്ധതികൾ തയ്യാറാക്കി. ഇന്ത്യയെ സൂപ്പർ പവറാക്കാനുള്ള പദ്ധതികൾ ആവിഷ്‌കരിക്കുകയാണെന്നും മോദി പറഞ്ഞു.
കായംകുളത്ത് നടന്ന ചടങ്ങിൽ എ.എം. ആരിഫ് എം.പി, ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.സജിനി, എൻ.ടി.പി.സി ജനറൽ മാനേജർ എസ്.കെ. റാം, എം. ബാലസുന്ദരം, മുകേഷ് ഠാക്കൂർ തുടങ്ങിയവർ പങ്കെടുത്തു.
രണ്ടാമത്തെ വലിയ ഫ്ളോട്ടിംഗ് പ്ളാന്റ്
450 ഏക്കർ കായലിലാണ് ഫ്ളോട്ടിംഗ് സോളാർ പദ്ധതി
92 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷി
ദിവസേന 26,000 വീടുകളിലേക്കുള്ള വൈദ്യുതി
പദ്ധതി ചെലവ് 450 കോടി രൂപ
25 വർഷത്തേക്ക് കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങും
രാജ്യത്തെ രണ്ടാമത്തെ വലിയ ഫ്ളോട്ടിംഗ് സോളാർ പദ്ധതി
തെലങ്കാനയിലെ രാമഗുണ്ടം എൻ.ടി.പി.സിയിലാണ് ഏറ്റവും വലുത്