ഹരിപ്പാട്: കുമാരപുരം 1449-ാം നമ്പർ സർവീസ് സഹകരണ ബാങ്കിനെ പറ്റിയുള്ള ദുഷ്പ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് ബാങ്ക് പ്രസിഡന്റ്‌ എം. സത്യപാലൻ പ്രസ്താവനയി​ൽ പറഞ്ഞു.

ബാങ്കിലെ സ്വർണപ്പണയ വായ്പയിൽ ക്രമക്കേട് നടന്നെന്ന വാർത്തകൾ അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണ്. ഏതെങ്കിലും തരത്തിലുള്ള അഴിമതിയോ തിരിമറിയോ സാമ്പത്തിക നഷ്ടമോ ഉണ്ടായിട്ടുള്ളതായി ഒരു പരിശോധനയിലും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സ്വർണപ്പണയ ഉരുപ്പടികൾ അപ്രൈസറെ ഉപയോഗിച്ച് മൂന്നു മാസം കൂടുമ്പോൾ പരിശോധി​ക്കാറുണ്ട്. കൂടാതെ സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും പരിശോധിച്ച് റിപ്പോർട്ട് നൽകാറുണ്ട്. ഈ പരിശോധനകളിൽ ഒരു ക്രമക്കേടും കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ മറിച്ചുള്ള ആരോപണങ്ങൾ ബാങ്കിനെ തകർക്കുക എന്ന സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെ ചില കേന്ദ്രങ്ങൾ നടത്തുന്ന ആസൂത്രിത ശ്രമമാണ്. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സഹകരണ വകുപ്പ് രണ്ട് ദിവസമായി ബാങ്കിൽ പരിശോധന നടത്തുന്നുണ്ട്. ഇതിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയാൽ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ബാങ്ക് ഭരണസമിതിയും സി.പി.എമ്മും ഒരു മടിയും കാട്ടി​ല്ല. അഴിമതിക്കെതിരെ വിട്ടുവീഴ്ച ഇല്ലാത്ത നിലപാടാണ് സർക്കാരും സി.പി.എം നേതൃത്വവും സ്വീകരിക്കുന്നത്. ബാങ്കിന്റെ മൂന്ന് ശാഖകളിൽ ഒന്നിൽപോലും ഇടപാടുകാർക്ക് സ്വർണപ്പണയ ഉരുപ്പടികൾ ലഭിക്കാതിരിക്കുകയോ ലഭിക്കാൻ കാലതാമസം ഉണ്ടാവുകയോ, നിക്ഷേപകർക്ക് പണം ലഭിക്കുന്നതിൽ വീഴ്ച ഉണ്ടാവുകയോ വന്നി​ട്ടി​ല്ല. നിക്ഷേപകരിലും ഇടപാടുകാരിലും ആശയക്കുഴപ്പം സൃഷ്ടിച്ച് സ്ഥാപനത്തെ തകർക്കുക എന്ന ഗൂഢലക്ഷ്യമാണ് പ്രചാരണങ്ങൾക്കു പി​ന്നി​ൽ.

കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങൾക്കെതി​രെ നാളുകളായി നടക്കുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗം കൂടിയാണിത്. ഏറ്റവും മികച്ച രീതി​യി​ൽ പ്രവർത്തിക്കുന്ന ബാങ്ക് ജനങ്ങളുടെ വിശ്വാസം ആർജ്ജിച്ചാണ് ക്ലാസ് - 1 നിലയിലേക്ക് വളർന്നത്. സഹകരണ വകുപ്പിൽ നി​ന്നുള്ള നിർദ്ദേശത്തിന്റെയും ബാങ്കിന്റെ സാധാരണ നടപടിക്രമത്തിന്റെയും ഭാഗമായി​ ജീവനക്കാരെ പുനർവിന്യാസി​ച്ചപ്പോൾ, ബ്രാഞ്ചുകളിൽ അവർ ചുമതല ഏൽക്കുന്നതിന് മുന്നോടി​യായുണ്ടായ പരിശോധനയെപ്പറ്റി നുണകളാണ് ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുന്നത്. ബാങ്കിൽ ഒരു തരത്തിലുള്ള അഴിമതിയും ക്രമക്കേടും സാമ്പത്തിക നഷ്ടവും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ പ്രചരിപ്പിക്കുന്ന വാർത്തകൾ തള്ളി​ക്കളയണമെന്നും നിക്ഷേപകർക്കും ഇടപാടുകാർക്കും യാതൊരു ആശങ്കയും ബുദ്ധിമുട്ടും ഉണ്ടാവേണ്ട ഒരു സാഹചര്യവും നിലവിലില്ലെന്നും അദ്ദേഹം അറിയിച്ചു.