t

ഒ.ആർ.എസ് ലായനികളിലും വ്യാജൻമാർ

ആലപ്പുഴ: വയറിളക്കവും മറ്റും ശരീരത്തിൽ സൃഷ്ടിക്കുന്ന നിർജലീകരണത്തിനുള്ള പ്രാഥമിക മരുന്നായ ഓറൽ റീഹൈഡ്രേഷൻ സാൾട്ട്‌സ് (ഒ.ആർ.എസ്) ലായനികളിലും വ്യാജ സാന്നിദ്ധ്യം! ഫുഡ് സേഫ്ടി ആൻഡ് സ്റ്റാൻഡേർഡ് അതോറിട്ടി ഒഫ് ഇന്ത്യ ഏപ്രിൽ 8ന് പുറപ്പെടുവിച്ച നിർദ്ദേശ പ്രകാരം ഡ്രഗ് കൺട്രോളർ ജനറൽ ഒഫ് ഇന്ത്യയുടെ അനുമതിയില്ലാത്ത പാനീയങ്ങളുടെ ലേബലുകളിൽ ഒ.ആർ.എസ് എന്ന് ഉപയോഗിക്കാൻ പാടില്ല. എന്നാൽ ചില ഫാർമ കമ്പനികൾ ഇപ്പോഴും അനധികൃതമായി ഇവ വിതരണം ചെയ്യുന്നുവെന്ന് പരിശോധനകളിൽ വ്യക്തമായി. ഫാർമസികളിൽ നിന്ന് ഒ.ആർ.എസ് വാങ്ങുമ്പോൾ ഫുഡ് സേഫ്ടി അതോറിട്ടിയുടെ മാർക്ക് നോക്കി വാങ്ങണം. യഥാർത്ഥ ഒ.ആർ.എസ് പാക്കറ്റിൽ ഡ്രഗ് കൺട്രോളർ അംഗീകരിച്ച അടയാളം ഉണ്ടായിരിക്കും. പാക്കറ്റിലെ ലേബലിൽ ഉള്ളടക്കത്തോടൊപ്പം അതിന്റെ ഉപയോഗത്തെക്കുറിച്ച് വ്യക്തമായ നിർദ്ദേശങ്ങളുമുണ്ടാവും.
വയറിളക്കത്തിനുള്ള ശരിയായ പ്രതിവിധിയാണ് ഒ.ആർ.എസ് ലായനി. എന്നാൽ രോഗി ഉപയോഗിക്കുക്കന്നത് വ്യജനാണെങ്കിൽ ആരോഗ്യനില മോശമാകും. ഈ പാനീയങ്ങളിലെ ഉയർന്ന പഞ്ചസാരനില വയറിളക്കത്തെ വഷളാക്കുന്നു. നിർജ്ജലീകരണം പോലുള്ള സങ്കീർണതകൾ വർദ്ധിപ്പിക്കുകയും ചെയ്യും. ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ വകവയ്ക്കാതെയാണ് രാജൃത്ത് നിരവധി ഫാർമ കമ്പനികൾ ഓറൽ റീഹൈഡ്രേഷൻ സാൾട്ട്‌സ് എന്ന പേരിൽ ഊർജ്ജ പാനീയങ്ങൾ വിൽക്കുന്നത്. ചില കമ്പനികൾ അവരുടെ എനർജി ബൂസ്റ്റ് ഡ്രിങ്കുകളെയാണ് ഒ.ആർ.എസെന്ന് തെറ്റായി ലേബൽ ചെയ്യുന്നത്.

# വേണമെങ്കിൽ ലായനി വീട്ടിലും


ഉപ്പും പഞ്ചസാരയും ചേർന്ന മിശ്രിതമാണ് ഒ.ആർ.എസ് ലായനി. ഇത് ശരീരത്തിൽനിന്ന് നഷ്ടപ്പെട്ട ലവണങ്ങൾ നിലനിറുത്തുകയും ജലം ആഗിരണം ചെയ്യുന്നതിന്റെ അളവു വർദ്ധിപ്പിക്കുകയും ചെയ്യും. മെഡിക്കൽ സ്റ്റോറുകളിൽ വാങ്ങാൻ കിട്ടുന്ന യഥാർത്ഥ കൂട്ട് വൃത്തിയുള്ള പാത്രത്തിൽ തിളപ്പിച്ചാറിയ ശുദ്ധജലത്തിൽ കലക്കി ഉപയോഗിക്കാം. ഒരു ലിറ്റർ തിളപ്പിച്ചാറിയ വെള്ളത്തിൽ 6 ടീ സ്പൂൺ പഞ്ചസാര, അര ടീസ്പൂൺ ഉപ്പ് എന്നിവ ചേർത്ത് നന്നായി ഇളക്കിയാലും ഒ.ആർ.എസ് ആയി. അളവ് കൃത്യമായിരിക്കണം. അല്ലെങ്കിൽ വയറിളക്കം വർദ്ധിക്കാൻ ഇടയുണ്ട്. തയ്യാറാക്കുന്ന ലായനി 24 മണിക്കൂറിനകം ഉപയോഗിക്കണം.
വയറിളക്കം ഉള്ളപ്പോൾ ലായനി ഇടവിട്ട് അല്പം വീതം കഴിക്കണം. ഛർദ്ദി ഉണ്ടെങ്കിൽ ചർദ്ദിച്ച് കഴിഞ്ഞ് പത്ത് മിനിട്ടിനുശേഷം ലായനി കുടിക്കാം.

.....................

വയറിളക്ക രോഗങ്ങൾ മൂലം നിരവധിപേർക്ക് ജീവൻ നഷ്ടപ്പെട്ട കാലത്ത്, ആളുകളെ മരണത്തിൽ നിന്ന് രക്ഷിക്കാൻ ഒ.ആർ.എസ് ലായനിക്ക് സാധിച്ചിട്ടുണ്ട്. ഇവയ്ക്ക് വ്യാജന്മാരിറങ്ങുന്നത് ഗുരുതര ആരോഗ്യാവസ്ഥ സൃഷ്ടിക്കും. കൃത്യമായ പരിശോധനകൾ അനിവാര്യമാണ്

സി.സനൽ, പൊതുജനാരോഗ്യ പ്രവർത്തകൻ